സമകാലിക മലയാളം ഡെസ്ക്
വേനൽചൂടിന്റെ സമയമാണ് ഇപ്പോൾ. അൽപനേരം പുറത്തിറങ്ങി നിന്നാൽ പോലും ചർമം ചൂടുപിടിക്കും.
വേനൽ കടുക്കുന്തോറും ചർമത്തെ പൊള്ളിക്കുന്ന സൺബേണ്‍ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) കിരണങ്ങൾ ചർമത്തെ ബാധിക്കുന്നതിനാലാണ് സൺബേൺ ഉണ്ടാകുന്നത്. ചർമത്തിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ഇതു സാധാരണയായി മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ സുഖപ്പെടാം.
സൂര്യതാപം പ്രതിരോധിക്കാനും ചികിത്സിക്കാനും ചില വീട്ടുവഴികളുണ്ട്. അവ പരിചയപ്പെടാം
ഐസ്
ചൂടായ ചർമത്തിൽ ഐസ് ഉപയോഗിക്കുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. ഐസ് ക്യൂബ്സ് തുണിയിൽ പൊതിഞ്ഞ് സൺ ബേണ്‍ ഏറ്റ ഭാഗത്തു 5–10 മിനിറ്റ് വയ്ക്കുക. അര മണിക്കൂർ ഇടവിട്ട് ആവർത്തിക്കാം.
തണുത്ത വെള്ളം
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചൂട് കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. ക്ലോറിനേറ്റ് ചെയ്ത നീന്തൽപൂളുകൾ ഒഴിവാക്കുക. ക്ലോറിൻ വേദനയും ചൊറിച്ചിലും കൂട്ടും.
കറ്റാർവാഴ
കറ്റാർവാഴ ജെൽ ചൂടും ചൊറിച്ചിലും കുറയ്ക്കുന്നതിനൊപ്പം സൺബേൺ ഏറ്റ ഭാഗം പെട്ടെന്നു സുഖപ്പെടാനും സഹായിക്കും.
തേൻ
തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പൊള്ളലിന്റെ അസ്വസ്ഥതകളും ചർമത്തിലെ ചൊറിച്ചിലും അകറ്റാൻ മികച്ചതാണ്. തേൻ ചർമത്തെ മൃദുവാക്കുകയും ചെയ്യുന്നു. സൂര്യതാപമേറ്റ ഭാഗത്ത് തേൻ പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
തക്കാളി
തക്കാളിയിലെ എൻസൈമുകൾ ചർമത്തിലേക്ക് ആഗിരണം ചെയ്ത് ചർമത്തെ പുനരുജ്ജീവിപ്പിക്കും. ദിവസം മൂന്നു തവണ തക്കാളിനീര് പുരട്ടാം. തക്കാളിനീരും തൈരും യോജിപ്പിച്ചു പുരട്ടിയാൽ ഗുണം ഇരട്ടി.
വെള്ളരിക്ക
വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞു ഫ്രിജിൽ വച്ചാൽ ചർമം ചൂടാകുമ്പോൾ ഇതിലൊന്നെടുത്ത് അസ്വസ്ഥതയുള്ള ഭാഗത്തു വച്ചാൽ മതി.
പാലും തൈരും
ഫ്രിജിൽ വച്ചു തണുപ്പിച്ച പാലോ തൈരോ പുരട്ടുന്നത് സൺബേണിൽ നിന്ന് ആശ്വാസം തരും. ഒപ്പം ചർമകോശങ്ങൾ വേഗം സുഖപ്പെടുകയും ചർമത്തിനു മൃദുത്വം ലഭിക്കുകയും ചെയ്യും.
ഗ്രീൻ ടീ
ഗ്രീൻ ടിയിലുള്ള ടാനിക് ആസിഡ് ചർമത്തിലെ ചൂടു കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, കേടുപാടുണ്ടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗ് ഫ്രിജിൽ വച്ചു തണുപ്പിച്ച് സൺ ബേൺ ഏറ്റ ഭാഗത്ത് വയ്ക്കുക
ഈ വീട്ടുവൈദ്യങ്ങളിലൂടെ സൺബേൺ കാരണം അനുഭവിക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിയും. പക്ഷേ, ഗുരുതരമാണെങ്കിൽ ഡോക്ടറെ കാണുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates