സമകാലിക മലയാളം ഡെസ്ക്
പോളിങ് ബൂത്തിലെത്തി ക്യൂ നിൽക്കുന്നതു മുതൽ വോട്ടിങ് മെഷീനിൽ ബട്ടൻ അമർത്തുന്നതുവരെ എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന് നോക്കാം.
പോളിങ് സ്ഥലത്തെത്തിയാല്‍ ക്രത്യമായി ക്യൂ പാലിക്കേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ചാണ് വോട്ടര്‍മാരെ കടത്തിവിടുന്നത്.
ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലായിരിക്കും. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഓഫീസർ ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.
വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു. തുടര്‍ന്ന് 17എ ഫോം എന്ന വോട്ടര്‍മാരുടെ റജിസ്റ്ററില്‍ വോട്ടറുടെ ക്രമനമ്പറും ഒപ്പം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആണെങ്കില്‍ EP എന്ന് ഇംഗ്ലിഷിലും മറ്റു കാര്‍ഡുകളാണെങ്കില്‍ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതുന്നു.
തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്‌സ് സ്ലിപ് നല്‍കും.
അടുത്തതായി വോട്ടര്‍ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലയുള്ള തേര്‍ഡ് പോളിങ് ഓഫിസറുടെ മുന്നിലായിരിക്കും.
കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ BALLOT ബട്ടന്‍ അമര്‍ത്തും. ഇതോടെ കണ്‍ട്രോള്‍ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും.
തുടര്‍ന്ന് വോട്ടര്‍ കൗണ്ടറില്‍ പ്രവേശിച്ച് താന്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമര്‍ത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും.
വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരികയും 7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാകും.
ഏതാനും സെക്കന്‍ഡുകള്‍ക്കകം ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ ബട്ടനു നേരെയുള്ള ചുവപ്പു ലൈറ്റും കണ്‍ട്രോള്‍ യൂണിറ്റിലെ Busy ലൈറ്റും അണയും. ബീപ് ശബ്ദം നിലയ്ക്കും. ഇതോടെ നടപടികള്‍ പൂര്‍ണം.
നിങ്ങള്‍ക്ക് ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ NOTA (None of the Above) അമര്‍ത്താം. അത് ഇവിഎമ്മിലെ അവസാന ബട്ടനാണ്.
എല്ലാ നടപടികളുടെയും മേല്‍നോട്ട ചുമതല പ്രിസൈഡിങ് ഓഫിസര്‍ക്കാണ്. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫിസറുടെ ശ്രദ്ധയില്‍പെടുത്തണം.
വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാന്‍ എണ്ണയോ ഗ്രീസോ മറ്റോ വിരലില്‍ പുരട്ടിയതായി സംശയം തോന്നിയാല്‍ അതു തുണി കൊണ്ടു തുടച്ചുമാറ്റി മഷി പുരട്ടണമെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. റീപോളിങ് വേണ്ടിവന്നാല്‍ ഇടതുകയ്യിലെ നടുവിരലില്‍ മഷി പുരട്ടും.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates