അഞ്ജു
അമിതമായാൽ അമൃതവും വിഷമാണെന്ന പോലെയാണ് ബുദ്ധിയുടെ കാര്യവും. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും ഉയര്‍ന്ന ഐക്യു ഉള്ളവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമെങ്കിലും ഇക്കൂട്ടര്‍ക്ക് മാനസികവൈകല്യങ്ങള്‍, മാനസികരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും.
ഉയർന്ന ഐക്യു ഉള്ള (ഹൈപ്പർ ബ്രെയിൻ) ആളുകൾക്ക് വിവിധ മേഖലകളിൽ അമിത ആവേശം ഉണ്ടാകാം. ഇത് അവരെ ചില മാനസിക വൈകല്യങ്ങളിലേക്കും രോഗപ്രതിരോധ, കോശജ്വലന പ്രതികരണങ്ങൾ (ഹൈപ്പർ ബോഡി) ഉൾപ്പെടുന്ന ശാരീരിക അവസ്ഥകളിലേക്കും നയിച്ചേക്കാം.
ഉയർന്ന ഐക്യു വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ എന്നിവയുൾപ്പെടെയുള്ള കൂടുതൽ മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഉയർന്ന ഐക്യു ഉള്ളത് അഫക്റ്റീവ് ഡിസോർഡേഴ്സ്, എഡിഎച്ച്ഡി, എഎസ്ഡി, രോഗപ്രതിരോധ വൈകല്യങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ വർധനവ് എന്നിവയ്ക്കുള്ള സാധ്യതയുള്ള അപകട ഘടകമായി കണക്കാക്കപ്പെടുന്നു.
ഉയർന്ന ഐക്യു ഉള്ളവരുടെ തലച്ചോറിന്റെ പ്രവർത്തനം (Brain activity) വളരെ അധികം കൂടുതലായിരിക്കും. എല്ലാ കാര്യത്തിലും ഉയർന്ന അറിവുള്ളതുകൊണ്ട് തന്നെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാകും. ഇത് അവരെ ഒരു ആശയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാക്കും. ഇത് ഉത്കണ്ഠ വർധിപ്പിക്കും.
ഉയർന്ന ഐക്യു ശാരീരിക രോഗങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവർക്ക് രോഗപ്രതിരോധശക്തി കുറവാണെന്നു മാത്രമല്ല ആസ്മ, അലർജി ഇവയ്ക്കുള്ള സാധ്യതയും കൂടുതലായിരുന്നു.
സാമൂഹ്യ സാഹചര്യങ്ങൾ, ചുറ്റുപാട് ഇവയെപ്പറ്റിയെല്ലാം വളരെയധികം അവബോധം ഉള്ളവരായിരിക്കും ഇക്കൂട്ടർ. ഇത് കൂടുതൽ വിമർശനാത്മകമായും അപഗ്രഥനാത്മകമായും സമൂഹത്തോട് ഇടപെടാൻ അവർക്ക് പ്രേരണയാകും. ഈ ഹൈപ്പർ സെൻസിറ്റീവ് സ്വഭാവ രീതികൾ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.