സമകാലിക മലയാളം ഡെസ്ക്
കെമിക്കലുകൾ ഒന്നും ഇല്ലാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് തന്നെ നമുക്ക് ചർമ്മം സംരക്ഷിക്കാം.
നമ്മുടെ അടുക്കളയിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ഈർപ്പവും പോഷണവും നൽകി ചർമ്മം തിളക്കമുള്ളതാകാൻ സഹായിക്കുന്ന ചില ഫേസ്പാക്കുകൾ പരിചയപ്പെടാം.
തൈര് - തേൻ ഫേസ് പാക്ക്
തൈരിൽ ചർമ്മത്തിലെ ഡെഡ് സെൽസിനെ മൃദുവായി നീക്കം ചെയ്യാൻ സഹായിക്കുന്ന 'ലാക്റ്റിക് ആസിഡ്' അടങ്ങിയിട്ടുണ്ട്. തേൻ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സഹായകമാണ്.
തയ്യാറാക്കുന്ന വിധം:
രണ്ട് ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലുമായി ഇവ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
തണ്ണിമത്തൻ - റോസ് വാട്ടർ ഫേസ് പാക്ക്
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ജലാംശവും ആന്റിഓക്‌സിഡന്റുകളും ചർമ്മം വരണ്ടുപോകുന്നത് തടയുന്നു.
തയ്യാറാക്കുന്ന വിധം:
കുറച്ച് തണ്ണിമത്തൻ കഷ്ണങ്ങൾ എടുത്ത് നന്നായി ഉടച്ചെടുത്ത ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ റോസ് വാട്ടർ ചേർത്ത് ഇളക്കുക. ഫേസ്വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കിയ ശേഷം മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
വെള്ളരിക്ക - കറ്റാർവാഴ ഫേസ് പാക്ക്
ചർമ്മത്തിന് മികച്ച കുളിർമ നൽകാൻ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. ചർമ്മത്തിലെ അസ്വസ്ഥതകൾ മാറ്റി ഈർപ്പം നിലനിർത്താൻ കറ്റാർവാഴയും സഹായകമാണ്.
തയ്യാറാക്കുന്ന വിധം:
കുറച്ച് വെള്ളരിക്ക എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
വാഴപ്പഴം ഫേസ് പാക്ക്
പൊട്ടാസ്യം അടങ്ങിയ ഏത്തപ്പഴം ചർമ്മം വരണ്ടുപോകുന്നത് തടയാൻ സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം:
നന്നായി പഴുത്ത ഒരു പഴം നല്ലതുപോലെ ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തണുത്ത പാൽ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്ത് ഒരേപോലെ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ സാധാരണ വെള്ളത്തിൽ കഴുകിക്കളയാം.
മുൾട്ടാണി മിട്ടി - പുതിന ഫേസ് പാക്ക്
ചർമ്മത്തിലെ അമിതമായ എണ്ണമയം വലിച്ചെടുക്കാൻ മുൾട്ടാണി മിട്ടി സഹായിക്കും. പുതിനയില ചർമ്മത്തിന് ഉന്മേഷവും കുളിർമയും നൽകുന്നു.
തയ്യാറാക്കുന്ന വിധം:
രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് നന്നായി ചതച്ചെടുത്ത പുതിനയിലയും ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി പകുതി ഉണങ്ങുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates