സമകാലിക മലയാളം ഡെസ്ക്
മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അകാലനര.
ഉറക്കമില്ലായ്മയും ഭക്ഷണരീതിയിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമായി മാറുന്നത്.
വിപണിയിൽ കിട്ടുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താനും നിറം മങ്ങാനും ഇടയാക്കും.
എന്നാൽ അല്പം സമയം മാറ്റിവെച്ചാൽ, പാർശ്വഫലങ്ങളില്ലാത്ത ഒരു കിടിലൻ പ്രകൃതിദത്ത നാച്ചുറൽ ഡൈ വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ
തേയിലപ്പൊടി - ആവശ്യത്തിന്
പനിക്കൂർക്ക ഇലകൾ - രണ്ട് മൂന്ന്
കറ്റാർവാഴ ജെൽ -
കറിവേപ്പില -
നെല്ലിക്ക - 1
കർപ്പൂരം - 2
നീലയമരി പൊടി - 1 ടീസ്പൂൺ
ഹെന്ന പൊടി - ആവശ്യത്തിന്
കൂട്ട് തയ്യാറാക്കുന്ന വിധം
ആദ്യം കുറച്ച് വെള്ളത്തിൽ തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂർക്ക ഇലകൾ, രണ്ട് കർപ്പൂരം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് തണുപ്പിക്കാൻ വെക്കുക.
കറ്റാർവാഴ ജെൽ, പനിക്കൂർക്ക ഇല, കറിവേപ്പില, ഒരു നെല്ലിക്ക എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് ഹെന്ന പൊടി കൂടി ചേർക്കുക.
നേരത്തെ തയ്യാറാക്കി വെച്ച തേയില വെള്ളം ഉപയോഗിച്ച് ഇവ നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കണം.
പിറ്റേന്ന് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയിൽ ഈ കൂട്ട് തേച്ചുപിടിപ്പിക്കാം.
മുടിയുടെ എല്ലാ ഭാഗത്തും എത്തുന്നതിനായി ചീപ്പ് ഉപയോഗിച്ച് ചീകുന്നത് നന്നായിരിക്കും. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം.
ഈ കൂട്ട് ഉപയോഗിച്ച് കഴുകി കഴിയുമ്പോൾ മുടിക്ക് ചെറിയൊരു ഓറഞ്ച് നിറമാണ് ലഭിക്കുക. ഇത് കടും കറുപ്പായി മാറാൻ ഒരു ടീസ്പൂൺ നീലയമരി പൊടി എടുത്ത് ചെറുചൂടുവെള്ളത്തിൽ കലർത്തി പത്ത് മിനിറ്റ് വെക്കുക. ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കാം.
ഒരു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകിക്കളയുന്നതോടെ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.
മാസത്തിൽ ഒരിക്കൽ ഇത്തരത്തിൽ ചെയ്യുന്നത് മുടിയുടെ കറുപ്പ് നിലനിർത്താൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates