ചൂടുവെള്ളത്തിലുള്ള കുളി നല്ലതാണോ?

സമകാലിക മലയാളം ഡെസ്ക്

ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്ന് പലരും സംശയിക്കാറുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനു വരെ ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കും.

ഉറക്കം

ചൂടു വെള്ളം ഉപയോഗിച്ചുള്ള കുളി ശരീരത്തെയും മനസിനെയും വിശ്രമിക്കാന്‍ സഹായിക്കും. ഇത് മാനസിക സമ്മര്‍ദം അകറ്റി ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്‍കാനും സഹായിക്കും.

പേശിവേദന

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനാല്‍ ശരീരത്തിലെ പേശികളെ വിശ്രമിക്കാനും വേദന ലഘൂകരിക്കാനും സഹായിക്കും.

മാനസിക സമ്മര്‍ദം

സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ ചൂടുവെള്ളത്തിലുള്ള കുളി നല്ലതാണ്. ഇത് മാനസിക സന്തോഷം നല്‍കാനും സഹായിക്കും.

സന്ധി വേദന

സന്ധി വേദന, ശരീര വേദന തുടങ്ങിയവ അകറ്റാന്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ സന്ധിവാത ലക്ഷണങ്ങളും ലഘൂകരിക്കും.

തലച്ചോറിന്റെ ആരോഗ്യം

40 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കും. ഇത് ശരീരതാപ നില ക്രമീകരിക്കുന്നതിനൊപ്പം സര്‍കാര്‍ഡിയല്‍ റിഥം മെച്ചപ്പെടുത്താനും മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചൂടുവെള്ളത്തിലുള്ള കുളി നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും ചൂടുവെള്ളത്തില്‍ കുളിക്കുന്നവരില്‍ 28 ശതമാനം വരെ ഹൃദ്രോഗ സാധ്യത കുറവാണെന്നാണ് ഹാര്‍വാഡ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വെള്ളത്തിന് എത്ര വരെ ചൂടു ആകാം

36.7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന് ചൂടു ഉണ്ടാവേണ്ടത്. ഇതില്‍ കൂടിയാല്‍ ചര്‍മത്തില്‍ പൊള്ളല്‍ ഉണ്ടാകാനോ അസ്വസ്ഥതയ്ക്കോ കാരണമാകാം.