സമകാലിക മലയാളം ഡെസ്ക്
മുട്ട പുഴുങ്ങാൻ എന്താ ഇത്ര അറിയാൻ എന്ന് ചിന്തിക്കുന്നവരുണ്ടാകും. ശരിയായ രീതിയിൽ മുട്ട പുഴുങ്ങിയില്ലെങ്കിൽ അവ പൊട്ടിപ്പോകാനോ അല്ലെങ്കിൽ കട്ടിയാകാനോ കാരണമാകും.
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് എടുക്കുന്ന തണുത്ത മുട്ടകൾ വെള്ളത്തിലിട്ടു തിളപ്പിക്കരുത്, അത് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. മുട്ടകൾ പാചകം ചെയ്യുന്നതിന് 15-20 മിനിറ്റ് മുമ്പ് പുറത്തെടുത്ത് സാധാരണ താപനിലയിലേക്ക് കൊണ്ടു വന്ന ശേഷം തിളപ്പിക്കുക.
മുട്ടകൾ പാത്രത്തിൽ വെച്ച ശേഷം, അവ പൂർണ്ണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. മുട്ടയുടെ മുകളിൽ ഏകദേശം ഒരിഞ്ച് വെള്ളം നിൽക്കണം. ഇത് എല്ലാ ഭാഗവും ഒരുപോലെ വേവുകിട്ടാനാണ് ഈ ടെക്നിക്.
വെള്ളം നന്നായി തിളച്ചാൽ തീ അണച്ച് പാത്രം അടച്ചുവെക്കാം. കൂടുതൽ നേരം തിളപ്പിക്കുന്നത് മുട്ടയുടെ മഞ്ഞക്കു ചുറ്റും പച്ചകലർന്ന കറുത്ത നിറം വരാൻ സാധ്യതയുണ്ട്.
തീ അണച്ച ശേഷം, ആവശ്യമുള്ള വേവിനനുസരിച്ച് മുട്ടകൾ വെള്ളത്തിൽ വെക്കുക, സോഫ്റ്റ് ബോയിൽഡ് ആണെങ്കിൽ 3-5 മിനിറ്റ്, മീഡിയം ബോയിൽഡ് ആണെങ്കിൽ 6-8 മിനിറ്റ്, ഹാർഡ് ബോയിൽഡ് ആണെങ്കിൽ 9-12 മിനിറ്റ്.
നിശ്ചിത സമയം കഴിഞ്ഞാൽ ഉടൻ തന്നെ മുട്ടകൾ ചൂടുവെള്ളത്തിൽ നിന്ന് മാറ്റി ഐസ് വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ ഇടാം. ഇത് മുട്ട പാകമാകാനും. തൊലി എളുപ്പത്തിൽ കളയാനും സഹായിക്കും.
തണുത്ത വെള്ളത്തിൽ നിന്ന് എടുത്ത ശേഷം, മുട്ടയുടെ രണ്ട് അറ്റത്തും ചെറുതായി തട്ടി പൊട്ടിക്കാം. ശേഷം ഒരു പരന്ന പ്രതലത്തിൽ വെച്ച് സാവധാനം ഉരുട്ടുക. ഇത് തൊലി പൊട്ടാൻ സഹായിക്കും. പിന്നീട് വെള്ളത്തിനടിയിൽ വെച്ച് തൊലി കളയുന്നത് കൂടുതൽ എളുപ്പമാക്കും.