സമകാലിക മലയാളം ഡെസ്ക്
മാസശമ്പളം ₹30,000. വാടക, ഭക്ഷണം, യാത്ര, ബില്ലുകൾ, ഷോപ്പിങ് തുടങ്ങി ചെലവുകൾ പലതുമുണ്ട്. മാസാവസാനം എത്തുമ്പോഴേക്കും ശമ്പളം തീരുന്ന അവസ്ഥയാണെങ്കിൽ, ശമ്പളം എങ്ങനെ വിഭജിച്ച് ചെലവഴിക്കണം എന്നതിന് ലളിതമായൊരു മാർഗമാണ് 50-30-20 നിയമം.
ഈ രീതിയനുസരിച്ച് ₹30,000 ശമ്പളത്തെ അത്യാവശ്യ ചെലവുകൾ, സമ്പാദ്യം-നിക്ഷേപം, ആഗ്രഹങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
₹30,000 ശമ്പളത്തിന്റെ പകുതി, അതായത് ₹15,000, നിർബന്ധമായും വേണ്ട ചെലവുകൾക്കായി മാറ്റിവയ്ക്കാം.
വാടക, ഭക്ഷണം, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകൾ, യാത്രാ ചെലവ്, മൊബൈൽ/ഇന്റർനെറ്റ്, മരുന്നുകൾ പോലുള്ള അവശ്യച്ചെലവുകൾ, വായ്പയുടെ നിർബന്ധിത തിരിച്ചടവ് എന്നിവ ഇതിൽ ഉൾപ്പെടും.
ശമ്പളത്തിൽ നിന്ന് ₹9,000 സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മാറ്റിവയ്ക്കുന്നതാണ് ഈ രീതിയിലെ പ്രധാന നിർദേശം. ഈ തുക മുഴുവൻ ഒരേ നിക്ഷേപത്തിൽ ഇടുന്നതിന് പകരം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് വിഭജിക്കാം.
അടിയന്തര ഫണ്ട്, ദീർഘകാല സമ്പാദ്യം, വിരമിക്കലിനു ശേഷമുള്ള പദ്ധതിക്കായുള്ള ഫണ്ട് തുടങ്ങിയവക്കായി നിക്ഷേപിക്കാം.
ജീവിതത്തിൽ ആവശ്യങ്ങൾ മാത്രമല്ല, ആഗ്രഹങ്ങൾക്കും സ്ഥാനമുണ്ട്. അതിനായി ₹6,000 വരെ മാറ്റിവയ്ക്കാം.
സിനിമയും വിനോദവും, ഷോപ്പിങ്, യാത്ര, ഡിന്നർ, ഹോബികൾ, സുഹൃത്തുക്കളോടൊപ്പമുള്ള ചെലവുകൾ എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കാം.
50-30-20 എന്നത് ഒരു മാർഗനിർദേശം മാത്രമാണ്; കർശനമായ നിയമമല്ല. ഒരാൾക്ക് വാടക തന്നെ ₹12,000 ആണെങ്കിൽ ₹15,000 കൊണ്ട് എല്ലാ ആവശ്യച്ചെലവുകളും നടത്തുന്നത് ബുദ്ധിമുട്ടായേക്കാം. അത്തരം സാഹചര്യത്തിൽ ആഗ്രഹങ്ങൾക്കുള്ള ചെലവ് കുറച്ച് കൂടുതൽ തുക ആവശ്യച്ചെലവുകൾക്കായി മാറ്റിവയ്ക്കാം.
₹30,000 ശമ്പളമുള്ള ഒരാൾക്ക് കൃത്യമായ ബജറ്റിങ്ങിലൂടെ സാമ്പത്തിക അച്ചടക്കം വളർത്താൻ കഴിയും. ആവശ്യങ്ങൾ നിറവേറ്റുക, സ്ഥിരമായി സമ്പാദിക്കുക, ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates