സമകാലിക മലയാളം ഡെസ്ക്
ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്.
കൊതുകുകളെ തുരത്താനുള്ള പല ഉല്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും അവയൊക്കെയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്.
എന്നാൽ ഇവയൊന്നും ഉപയോഗിക്കാതെ തന്നെ കൊതുകുകളെ അകറ്റിനിർത്താൻ ചില വഴികളുണ്ട്.
സാഹചര്യം ഒഴിവാക്കാം
ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.
കർപ്പൂരം
കതകുകളും ജനാലകളും അടച്ചിട്ട ശേഷം മുറികളിൽ പല ഭാഗങ്ങളിലായി കർപ്പൂരം കത്തിച്ചു വയ്ക്കുക. ഇതിന്റെ പുക അകത്തളത്തിലെ വായുവിൽ നിറയുന്നതോടെ കൊതുകുകൾ അത് ചെറുത്തു നിൽക്കാനാവാതെ സ്ഥലം വിടും.
വേപ്പെണ്ണ
ഇഞ്ചിപ്പുല്ല് എണ്ണയുമായി വേപ്പെണ്ണ കലർത്തിയശേഷം പലയിടങ്ങളിലായി വയ്ക്കുക. വലിയ ഒരു ബൗളിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഏതാനും തുള്ളി എണ്ണ ചേർത്ത് വച്ചാലും മതിയാകും. ഈ ഗന്ധം പരക്കുന്നതോടെ കൊതുകുകൾ പിന്നെ അകത്തേക്ക് പ്രവേശിക്കില്ല.
തുളസി നീര്
വെള്ളം നീക്കം ചെയ്യാനാവാത്ത വിധം കെട്ടിക്കിടക്കുന്നിടത്തോ കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള മറ്റിടങ്ങളിലോ തുളസി നീര് തളിക്കുക. ഇതോടെ അവയ്ക്ക് അവിടങ്ങളിൽ മുട്ടയിടാൻ സാധിക്കാതെ വരും.
വെളുത്തുള്ളി സ്പ്രേ
മൂന്നോ നാലോ അല്ലി വെളുത്തുള്ളിയും അല്പം വെള്ളവും കലർത്തി നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം അതിലേക്ക് കൂടുതൽ വെള്ളം ചേർത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് മാറ്റാം. ചവറ്റുകൂനകളിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും കൊതുകുകൾ അധികമായി വരുന്ന സ്ഥലങ്ങളിലുമൊക്കെ ഈ മിശ്രിതം സ്പ്രേ ചെയ്താൽ കൊതുകുകളെ നിയന്ത്രിക്കാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates