അഞ്ജു
നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ചിയ വിത്തുകൾ, നമ്മുടെ ഡയറ്റിൽ ദിവസവും ചേർക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഹൃദയാരോഗ്യം മുതൽ ദഹനം വരെ മെച്ചപ്പെടുത്താൻ ഈ കുഞ്ഞൻ വിത്തുകൾ സഹായിക്കും.
പുറത്തുനിന്ന് വാങ്ങാതെ ചിയ വിത്തുകള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയെടുത്താലോ? വളരെ ചെറിയ സ്പെയില്‍ കുറഞ്ഞ ചെലവില്‍ വളര്‍ത്തിയെടുക്കാവുന്ന പോഷകസമൃദ്ധമായ വിഭവമാണിത്.
ചിയ വിത്തുകള്‍ക്ക് വളരാന്‍ ആഴത്തിലുള്ള മണ്ണ് ആവശ്യമില്ലാത്തതിനാല്‍ ആഴം കുറഞ്ഞ ചട്ടിയിലോ, പ്ലാസ്റ്റിക് ട്രേയിലോ മണ്ണെടുത്താല്‍ മതിയാകും. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ പാത്രത്തിൽ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.
ചിയ വിത്തുകള്‍ വളരുന്നതിന് സൂര്യപ്രകാശം പ്രധാനമാണ്. കമ്പോസ്റ്റ് ചേർത്ത പൂന്തോട്ട മണ്ണാണ് ഏറ്റവും അനുയോജ്യമായ മിശ്രിതം.
മണ്ണ് പാകപ്പെടുത്തിയ ശേഷം അവയ്ക്കു മുകളിലേക്ക് വിത്തുകള്‍ പാകാം. അധികം ആഴത്തില്‍ നടേണ്ട ആവശ്യമില്ല. തുടര്‍ന്ന് അല്‍പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കാം. വെള്ളം അമിതമാകാതെ ശ്രദ്ധിക്കണം. ശേഷം പ്രതിദിനം കുറഞ്ഞത് 4–6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കലം സ്ഥാപിക്കുക.
മണ്ണിൽ ഈർപ്പം നിലനിർത്താൻ എല്ലാ ദിവസവും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. 3–5 ദിവസത്തിനുള്ളിൽ, ചെറിയ മുളകൾ വന്നു തുടങ്ങും. പിന്നീട്, മണ്ണ് ഉണങ്ങിയതായി തോന്നുമ്പോൾ മാത്രം നനച്ചു കൊടുക്കാം.
ഏകദേശം മൂന്ന് അടി ഉയരത്തില്‍ ഇവ വളരും. ചെടി പൂര്‍ണ വളര്‍ച്ചയെത്താന്‍ രണ്ട്-മൂന്ന് മാസം വരെ കാത്തിരിക്കാം. മൈക്രോഗ്രീന്‍ ആയി ഉപയോഗിക്കാനാണെങ്കില്‍ 7-10 ദിവസത്തിനുള്ളിൽ വിളവെടുക്കാം.
മൈക്രോഗ്രീനുകൾ: ചെറിയ ഇലകൾ മുറിച്ച് സാലഡിലോ സ്മൂത്തിയിലോ ഉപയോഗിക്കുക.
ചിയ വിത്തുകള്‍ക്ക്: ചെറിയ പർപ്പിൾ പൂക്കൾ വിരിയുന്നതുവരെ ചെടി പൂർണമായും വളരാൻ അനുവദിക്കുക. പിന്നീട്, പൂക്കൾ ഉണങ്ങുമ്പോൾ, പുതിയ ചിയ വിത്തുകൾ ശേഖരിക്കാവുന്നതാണ്.