സമകാലിക മലയാളം ഡെസ്ക്
ശരീരത്തിൽ ആൻഡ്രോജൻ എന്ന ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവ പിസിഒഎസ്
അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, മുഖത്തും ശരീരത്തിലും രോമ വളർച്ച എന്നിവയാണ് പിസിഒഎസിന്‍റെ സാധാരണ ലക്ഷണങ്ങൾ.
പിസിഒഎസിന്‍റെ മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്രമരഹിതമായ ആർത്തവം
പിസിഒഎസ് ഉള്ള ചില സ്ത്രീകൾക്ക് വർഷത്തിൽ എട്ടിൽ താഴെ തവണയോ അല്ലെങ്കിൽ ഒരു തവണ പോലുമോ ആർത്തവം ഉണ്ടാകണമെന്നില്ല.
കനത്ത രക്തസ്രാവം
ഗർഭപാത്രത്തിന്‍റെ പാളി ദീർഘകാലം നിൽക്കുന്നതിനാൽ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആർത്തവം ഉണ്ടാകുമ്പോൾ സാധാരണയെക്കാൾ അധികമായി രക്തസ്രാവം ഉണ്ടാകുന്നു.
രോമ വളർച്ച
മുഖത്തും ശരീരത്തിലും രോമ വളര്‍ച്ച പിസിഒഎസ് ഉള്ള 70 ശതമാനം സ്ത്രീകളിലും കാണാം. ഇതിനെ ഹിർസുറ്റിസം എന്ന് വിളിക്കുന്നു.
വയറിലെ കൊഴുപ്പ്
അരക്കെട്ടിലും ആന്തരിക അവയവങ്ങളിലും ഉൾപ്പെടെ കൊഴുപ്പ് അടിഞ്ഞു കൂടാം. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിൽ നീർക്കെട്ട്, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മൂലം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.
ശരീരഭാരം കൂടും
ഹോർമോൺ വ്യതിയാനം ശരീരഭാരം കൂട്ടാനിടയാക്കും. പിസിഒഎസ് ഉള്ള 80 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കും.
മുടി കൊഴിച്ചിൽ
ആൻഡ്രോജനിക് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം മുടിയുടെ കനം കുറയാനും പൊഴിഞ്ഞ് പോകാനുമിടയാക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്‍റെ അളവും കൂടാറുണ്ട്. ഇത് മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കും.
മധുരത്തോട് അമിത താൽപര്യം
പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാനും മധുരത്തോട് അമിത താൽപര്യവും തോന്നിപ്പിക്കും. ഇത് ശരീരഭാരം കൂട്ടാനിടയാക്കും.
ക്ഷീണം/തലവേദന
പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്‍റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം സ്രാവം എന്നിവ ക്ഷീണത്തിന് കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates