വരണ്ട ചർമത്തോട് 'ബൈ'; വിന്ററിൽ താരം അവോക്കാഡോ

സമകാലിക മലയാളം ഡെസ്ക്

നിരവധി പോഷകങ്ങള്‍ അടങ്ങിയ അവോക്കാഡോ ശൈത്യകാലത്ത് ഒരു മികച്ച ഭക്ഷണമാണ്. അവോക്കാഡോയുടെ ക്രീം ഘടനയും ന്യൂട്രൽ ഫ്ലേവറും അവയെ ഫ്യൂഷൻ വിഭവങ്ങൾക്ക് അനുയോജ്യമാക്കുന്നു.

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകളായ ബി6, ബി9, കെ, ഇ, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ അവോക്കാഡോ ശൈത്യകാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

ശൈത്യകാലത്ത് അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഊർജം നൽകുകയും ചൂട് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

അവോക്കാഡോകളിൽ അടങ്ങിയ വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ആരോഗ്യമുള്ള ചർമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ശൈത്യകാലത്ത് ചർമം വരണ്ടതാകുമെന്ന ആശങ്ക ഒഴിവാക്കും.

അവോക്കാഡോ എങ്ങനെ തെരഞ്ഞെടുക്കാം

പഴുത്ത അവോക്കാഡോ പഴങ്ങൾ കയ്യിൽ വെച്ച് അമർത്തി നോക്കിയാൽ മൃദുവായിരിക്കും. ഹാസ് ഇനത്തിൽ പെട്ട അവോക്കാഡോകളാണെങ്കിൽ അവ പഴുക്കുമ്പോൾ തൊലിയുടെ നിറം പച്ചയിൽ നിന്ന് കറുപ്പ് അല്ലെങ്കില്‍ ഇരുണ്ട പർപ്പിൾ നിറത്തിലും കാണപ്പെടും.

അവോക്കാഡോ തെരഞ്ഞെടുക്കുമ്പോൾ പുറമേ പാടുകളും കുത്തുകളും ഉള്ളത് തെരഞ്ഞെടുക്കരുത്. കൂടാതെ തൊലിയുടെ നിറം പഴത്തിന്‍റെ എല്ലാ ഭാഗത്തും ഓരേ പോലെയാണെന്ന് ഉറപ്പാക്കുകയും വേണം.

അവോക്കാഡോ എങ്ങനെ സൂക്ഷിക്കാം

പഴുത്ത അവോക്കാഡോ കേടാതാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. കൂടാതെ മുറിച്ച അവോക്കാഡോകള്‍ മോശമാകുന്നത് തടയാന്‍ നാരങ്ങ നീര് പുരട്ടുകയോ എയര്‍-ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു വെക്കുകയോ ചെയ്യാം.