‘നല്ല സ്പർശവും മോശം സ്പർശവും’ എങ്ങനെ പഠിപ്പിക്കാം; മോശം അനുഭവം ഉണ്ടായാൽ എന്തു ചെയ്യണം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഗുഡ് ടച്ച്’, ‘ബാഡ് ടച്ച്’ എന്നിവയെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതും പ്രധാനമാണ്.

Good Touch and Bad Touch | Pinterest

കുട്ടിക്ക് സ്നേഹവും കരുതലും പിന്തുണയും സുരക്ഷിതത്വവും തോന്നിക്കുന്ന സ്പർശങ്ങളെയാണ് ‘ഗുഡ് ടച്ച്’. മാതാപിതാക്കളുടെ ആലിംഗനം, ആശ്വസിപ്പിക്കാനുള്ള സ്പർശം, അഭിനന്ദനത്തിന്റെ ഭാഗമായി നൽകുന്ന ഹൈ-ഫൈവ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. കുട്ടിക്ക് അസ്വസ്ഥതയോ ഭയമോ പരിഭ്രമമോ ഉണ്ടാക്കുന്ന ഏതൊരു സ്പർശവും കുട്ടിയുടെ കാഴ്ചപ്പാടിൽ ഗൗരവമായി കാണണം. അടിക്കുക പോലുള്ള ശാരീരിക പീഡനവും അനുചിതമായ ശരീരസ്പർശവും ഇതിൽ ഉൾപ്പെടാം.

Good Touch and Bad Touch | Pinterest

ശരീരഭാഗങ്ങളുടെ ശരിയായ പേരുകൾ പഠിപ്പിക്കുക: തല, കൈ, കാൽ തുടങ്ങിയ ശരീരഭാഗങ്ങളുടെ പേരുകൾ പഠിപ്പിക്കുന്നതുപോലെ തന്നെ സ്വകാര്യ ശരീരഭാഗങ്ങളുടെ ശരിയായ പേരുകളും കുട്ടികളെ പഠിപ്പിക്കണം. സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായി പറയാനുള്ള ഭാഷ കുട്ടിക്ക് ലഭിക്കുന്നത് അസ്വസ്ഥമായ അനുഭവങ്ങൾ തുറന്നുപറയാൻ സഹായിക്കും.

Good Touch and Bad Touch | Pinterest

ശരീരത്തിന്റെ സ്വകാര്യത മനസ്സിലാക്കിക്കൊടുക്കുക: കുട്ടിയുടെ ശരീരത്തിലെ ചില ഭാഗങ്ങൾ മറ്റുള്ളവർ സ്പർശിക്കുകയോ കാണുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിക്കണം.

Good Touch and Bad Touch | Pinterest

കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന മാർഗമാണ് സ്വിം സ്യൂട്ട് റൂൾ. നീന്തൽ വസ്ത്രം മൂടുന്ന ശരീരഭാഗങ്ങൾ സ്വകാര്യമാണ് എന്ന ആശയം കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കാം. എന്നാൽ ഡയപ്പർ മാറ്റുന്നതുപോലുള്ള പരിചരണ സാഹചര്യങ്ങളിലും ഡോക്ടറുടെ പരിശോധനയിലും ആവശ്യമായ സ്പർശം ഉണ്ടാകാമെന്നും പ്രായത്തിനനുസരിച്ച് വിശദീകരിക്കണം.

Good Touch and Bad Touch | Pinterest

ഇത് ഒരു ദിവസം ഇരുന്ന് നടത്തുന്ന ഗൗരവമേറിയ ‘ക്ലാസ്’ ആക്കേണ്ടതില്ല. കുളിപ്പിക്കുന്ന സമയത്തോ വസ്ത്രം മാറ്റുമ്പോഴോ നീന്താൻ പോകുമ്പോഴോ ശരീരത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും ലളിതമായി സംസാരിക്കാം. കുട്ടിക്ക് മാതാപിതാക്കളോട് ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന അന്തരീക്ഷം ഇതിലൂടെ രൂപപ്പെടും.

Good Touch and Bad Touch | Pinterest

‘രഹസ്യങ്ങൾ’ സൂക്ഷിക്കേണ്ടതില്ലെന്ന് പറയുക : കുട്ടിയെ സമ്മാനം നൽകാമെന്ന് പറഞ്ഞോ ഭീഷണിപ്പെടുത്തിയോ ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആരെങ്കിലും ആവശ്യപ്പെടാം. അതിനാൽ 'എന്ത് സംഭവിച്ചാലും എന്നോട് പറയാം; തുറന്നു പറയുന്നതിന് നീ ഒരിക്കലും ശിക്ഷിക്കപ്പെടില്ല' എന്ന വിശ്വാസം കുട്ടിയിൽ വളർത്തണം. കുട്ടിയോട് തുറന്ന് സംസാരിക്കാൻ കഴിയുന്ന സുരക്ഷിതമായ കുടുംബാന്തരീക്ഷമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം.

Good Touch and Bad Touch | Pinterest

അസ്വസ്ഥത തോന്നുന്ന സാഹചര്യമുണ്ടായാൽ: ഉറച്ച ശബ്ദത്തിൽ നോ എന്ന് പറയുക. ആവശ്യമെങ്കിൽ സഹായത്തിനായി ഉച്ചത്തിൽ വിളിക്കുക. അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തേക്ക് പോകുക. വിശ്വസമുള്ള മുതിർന്ന ഒരാളോട് ഉടൻ തന്നെ തുറന്നു പറയുക. ഇത്തരം കാര്യങ്ങൾ കുട്ടിക്ക് മുൻകൂട്ടി പറഞ്ഞുകൊടുക്കുന്നത് അടിയന്തര സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് മനസ്സിലാക്കാൻ സഹായിക്കും.

Good Touch and Bad Touch | Pinterest

‘എന്തെങ്കിലും സംഭവിച്ചാൽ എന്നോട് പറയണം’ എന്ന് മാത്രം പറഞ്ഞാൽ പോരാ. കുട്ടിക്ക് ആരെയൊക്കെ സമീപിക്കാമെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കണം. മാതാപിതാക്കൾ, അധ്യാപകൻ, ഡോക്ടർ തുടങ്ങിയ വിശ്വസിക്കുന്ന മുതിർന്നവർ ഉദാഹരണങ്ങളാണ്.

Good Touch and Bad Touch | Pinterest

കുട്ടി തനിക്ക് അനുഭവപ്പെട്ട ഒരു അനുചിതമായ സ്പർശത്തെക്കുറിച്ച് തുറന്നുപറഞ്ഞാൽ ആദ്യം ശാന്തരാകുക. കുട്ടിയെ കുറ്റപ്പെടുത്തുകയോ 'നീ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല?' എന്ന് ചോദിക്കുകയോ ചെയ്യരുത്. പകരം, 'ഇത് നിന്റെ തെറ്റല്ല', 'നീ എന്നോട് പറഞ്ഞത് ശരിയാണ്' എന്ന ഉറപ്പ് നൽകണം. കുട്ടി പറഞ്ഞ കാര്യം ഗൗരവമായി എടുത്ത് ആവശ്യമായ സംരക്ഷണ നടപടികളും റിപ്പോർട്ടിംഗും സ്വീകരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Good Touch and Bad Touch | Pinterest