അഞ്ജു സി വിനോദ്
ചെറുപ്രായത്തില്‍ മാംസാഹാരം കഴിക്കുകയും ഒരു ഘട്ടമെത്തുമ്പോള്‍ മാംസാഹാരത്തില്‍ നിന്ന് സ്വയം സസ്യാഹാരികളായി മാറുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടോ? പലപ്പോഴും വീട്ടിലെ വളര്‍ത്തു മൃഗങ്ങളോടുള്ള അനുകമ്പയോ ആരോഗ്യ പ്രശ്‌നങ്ങളോ ആകാം പലരേയും ഇത്തരം തീരുമാനത്തിലേക്ക് എത്തുക്കുക.
അത്തരക്കാര്‍ക്ക് വേണ്ടിയുള്ള ഒരു ദിനമാണ്, 'ഇൻഡിപെൻഡൻസ് ഫ്രം മീറ്റ് ഡേ'. എല്ലാ വര്‍ഷവും ജൂലൈ നാലിനാണ് ഈ ദിനം ആചരിക്കുന്നത്.
ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കി സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ തിരഞ്ഞെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം. അമേരിക്കയിലെ ടെന്നസിയിലെ ദി വെജിറ്റേറിയന്‍ അവയര്‍നെസ് നെറ്റ് വര്‍ക്ക് ആണ് ആദ്യമായി യുഎസ്സില്‍ മാംസത്തില്‍ നിന്നുള്ള സ്വതന്ത്ര്യ ദിനം ആചരിക്കുന്നത്.
അമേരിക്ക സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ജൂലൈ നാല് തന്നെയാണ് അവര്‍ 'ഇൻഡിപെൻഡൻസ് ഫ്രം മീറ്റ്' ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തതെന്നതും പ്രത്യേകതയാണ്.
അമേരിക്കൻ ഐക്യനാടുകളിൽ ഒരു പ്രാദേശിക സംരംഭമായി തുടങ്ങിയത്, ലോകമെമ്പാടുമുള്ള ആളുകളെ മാംസരഹിത ഭക്ഷണത്തിൽ പങ്കെടുക്കാനോ സസ്യാഹാരമോ വീഗൻ വിഭവങ്ങളോ പരീക്ഷിക്കാനോ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമായി വളർന്നു.
ടൈപ്പ്-2 പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയാൻ മാംസാഹാരം ഒഴിവാക്കണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ വീഗൻ ഭക്ഷണക്രമത്തിലേക്ക് മാറുന്നതിലൂടെ പ്രതിവർഷം 8.1 ദശലക്ഷം അകാല മരണങ്ങൾ തടയാൻ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.
കൂടാതെ വീഗൻ ഭക്ഷണക്രമത്തിലേക്ക് മാറുന്നതിലൂടെ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 105 മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആനിമൽ ചാരിറ്റി ഇവാലുവേറ്റേഴ്‌സ് നടത്തിയ പഠനത്തിൽ കണ്ടെത്തി.