സമകാലിക മലയാളം ഡെസ്ക്
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷിതമായ പൊതുഗതാഗതത്തിനും വലിയ പിന്തുണയായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ജോലി, വിദ്യാഭ്യാസം, ആരോഗ്യപരിചരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഈ പദ്ധതികൾ നൽകുന്നത്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ശ്രദ്ധ നേടുന്ന ഇന്ത്യയിലെ ആ 8 സംസ്ഥാനങ്ങളെ പരിചയപ്പെടാം.
ഡൽഹി
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന ആശയം ആദ്യം നടപ്പിലാക്കിയത് ഡൽഹി സർക്കാരാണ്. 2019ൽ ആരംഭിച്ച 'പിങ്ക് ടിക്കറ്റ്' സംവിധാനം ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറി. 'പിങ്ക് സഹേലി സ്മാർട്ട് കാർഡുകൾ' ഉപയോഗിച്ച് ഡൽഹിയിൽ സ്ത്രീകൾക്ക് സുഗമമായി യാത്ര ചെയ്യാം.
തമിഴ്‌നാട്
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ലഭ്യമാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 2021ൽ ആരംഭിച്ച 'വിടിയൽ പയണം' പദ്ധതി വൻ വിജയമായിരുന്നു. ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ലാഭമാണ് നൽകിയത്.
പഞ്ചാബ്
പഞ്ചാബിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ലഭ്യമായി തുടങ്ങിയത് 2021 ഏപ്രിൽ മുതലാണ്. ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് പഞ്ചാബിലെ സ്ത്രീകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
കർണാടക
കർണാടകയിൽ 2023 ജൂണിൽ ആരംഭിച്ച 'ശക്തി' പദ്ധതി ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്വറി അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സംസ്ഥാനത്തുടനീളം സൗജന്യമായി യാത്ര ചെയ്യാം.
തെലങ്കാന
2023 ഡിസംബറിലാണ് തെലങ്കാന സർക്കാർ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും എസി ഇല്ലാത്ത സ്റ്റേറ്റ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ ഈ പദ്ധതി അവസരമൊരുക്കി.
ആന്ധ്രാ പ്രദേശ്
2025 ഓഗസ്റ്റിൽ ആന്ധ്രാ പ്രദേശ് സർക്കാർ 'സ്ത്രീ ശക്തി' എന്ന പേരിലാണ് സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര നടപ്പിലാക്കിയത്. തിരിച്ചറിയൽ രേഖ കാണിക്കുന്ന പക്ഷം സംസ്ഥാന നിവാസികളായ സ്ത്രീകൾക്ക് എസി ഇല്ലാത്ത സർക്കാർ ബസുകളിൽ സൗജന്യ യാത്ര ചെയ്യാം
ജമ്മു കശ്മീർ
2025ലെ അന്താരാഷ്ട്ര വനിത ദിനത്തിലാണ് ജമ്മു കശ്മീരിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രക്ക് തുടക്കം കുറിച്ചത്. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി ഇ-ബസുകളിലും JKRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
പശ്ചിമ ബംഗാൾ
2026 ജൂൺ 1 മുതൽ സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. 'അന്നപൂർണ ഭണ്ഡാർ' പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നീക്കമാണിത്.
ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള മറ്റ് പല സംസ്ഥാനങ്ങളും ഈ 8 സംസ്ഥാനങ്ങളെ അനുകരിച്ചുകൊണ്ട് സ്ത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം നല്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates