ചായയുടെ 'പവര്‍' കൂട്ടുന്ന 7 ചേരുവകള്‍

സമകാലിക മലയാളം ഡെസ്ക്

ചായയുടെ രുചിയും മണവും ഗുണവും കൂട്ടുന്ന നിരവധി ചേരുവകളുണ്ട്. ഇവയാണ് ചായയെ വെറൈറ്റിയാക്കുന്നത്.

ഇഞ്ചി

സാധാരണ ചായയ്‌ക്കൊപ്പം അല്‍പം ഇഞ്ചി കൂടിയിട്ട് തിളപ്പിച്ചു നോക്കൂ... രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണത്തിലും മികച്ചതാണ്. ഇഞ്ചിയുടെ ആന്റി-ഓക്‌സിഡന്റ്, ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനവും പ്രതിരോധ ശേഷിയും മികച്ചതാക്കും.

ഏലക്ക

ഏലക്കയിട്ട് തിളപ്പിച്ച ചായയ്ക്ക് ഒരു പ്രത്യേക സുഗന്ധമാണ്. കൂടാതെ ഏലക്കയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ദഹനത്തിനും അസിഡിറ്റി ഒഴിവാക്കാനും സഹായിക്കും.

കറുവപ്പട്ട

കറുവപ്പട്ടയിട്ട് തിളപ്പിച്ച ചായയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

തുളസി

ചായ തിളപ്പിക്കുമ്പോള്‍ അതില്‍ നാലോ അഞ്ചോ തുളസിയില ഇടുന്ന ശീലമുണ്ടോ. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളെ അകറ്റാന്‍ സഹായിക്കും. കാടാതെ പ്രതിരോധ ശേഷിയും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കും.

ഗ്രാമ്പു

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഗ്രാമ്പു ചായയില്‍ ചേര്‍ക്കുന്നത് തൊണ്ടയുടെ അസ്വസ്ഥത നീക്കാനും വായയുടെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.

പുതിന

പുതിനിലയിട്ട് ചായ തിളപ്പിച്ച് കുടിക്കുന്നത് ദഹനക്കേട്, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ മാറാന്‍ സഹായിക്കും.

ശര്‍ക്കര

പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം ശര്‍ക്കരയിട്ട് ചായ കുടിക്കാം. ഇത് ഉര്‍ജം നല്‍കാനും ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായിക്കും.