അഞ്ജു
രാവിലെ ഒരു നേരം കഴിച്ചില്ലെന്ന് കരുതി ഇപ്പോള്‍ എന്തു സംഭവിക്കാനാണ് എന്ന് വാദിക്കുന്നവരോടാണ്, ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ബ്രേക്ക് ഫാസ്റ്റ് മുടക്കുന്നത് ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കാം.
രാത്രി നീണ്ട വിശ്രമത്തിനു ശേഷം ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ്. ബ്രേക്ക് ഫാസ്റ്റ് മുടക്കുന്നത് ഊര്‍ജ്ജനില താഴാനും ഇത് മാനസികാവസ്ഥയെ ബാധിക്കാനും കാരണമാകും.
ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതിലും ബ്രേക്ക് ഫാസ്റ്റിന് നിര്‍ണായക പങ്കുണ്ട്. രാവിലെ കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും, വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പ്രഭാതഭക്ഷണം മുടക്കുന്നത് ഉച്ചഭക്ഷണവും അത്താഴവും അമിതമായി കഴിക്കാൻ കാരണമാകും. ഇത് കൂടുതല്‍ കലോറി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും.
എന്ന് കരുതി ബ്രേക്ക് ഫാസ്റ്റിന് എന്തെങ്കിലും കഴിച്ചാല്‍ പോര! പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് മികച്ച മാനസിക ജാഗ്രതയും ശ്രദ്ധയും ഉണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മധുരം, കാർബോഹൈഡ്രേറ്റുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇത് പെട്ടെന്നുള്ള ഊർജ്ജ വർധനവിന് കാരണമാകുകയും തുടർന്ന് പെട്ടെന്ന് ഊർജ്ജം താഴാനും കാരണമാകും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും മാനസികാവസ്ഥയിൽ മാറ്റമുണ്ടാകാനും ക്ഷീണം തോന്നാനും കാരണമാകും.
ബ്രേക്ക് ഫാസ്റ്റിനൊപ്പം കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന ശീലം ഒഴിവാക്കാം. രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ, ശരീരം സ്വാഭാവികമായും ഉയർന്ന അളവിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു. ഇത് നമ്മെ ഉണർത്താൻ സഹായിക്കുന്ന ഒരു ഹോർമോണാണ്. കാഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഈ സമയം കുടിക്കുന്നത് കോർട്ടിസോളിന്‍റെ അളവു കൂട്ടും.
കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന, രാവിലെ 9.30 നും 11.30 നും ഇടയിൽ കാപ്പി അല്ലെങ്കിൽ ചായ കുടിക്കുന്നതായിരിക്കും നല്ലതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates