സമകാലിക മലയാളം ഡെസ്ക്
ജോലിത്തിരക്ക്, ഡെഡ്ലൈനുകൾ, പഠനം, യാത്ര, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ... സമ്മർദം കുറയ്ക്കാൻ മണിക്കൂറുകൾ മാറ്റിവയ്ക്കണമെന്നില്ല. ചെറിയ ഇടവേളകൾ എടുക്കുന്നതുമുതൽ സംഗീതം കേൾക്കുന്നതു വരെ, ദിവസത്തിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ പരീക്ഷിക്കാവുന്ന ചില ലളിതമായ റിലാക്സേഷൻ രീതികൾ പരിചയപ്പെടാം
തുടർച്ചയായി ജോലി ചെയ്യുന്നതാണ് കൂടുതൽ ഉൽപാദനക്ഷമത നൽകുന്നതെന്ന ധാരണ എല്ലായ്പ്പോഴും ശരിയല്ല. ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നത് മനസ്സിന് വിശ്രമം നൽകാനും വീണ്ടും ജോലിയിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധയും വ്യക്തതയും മെച്ചപ്പെടുത്താനും സഹായിക്കും.
കുറച്ച് നേരം എഴുന്നേറ്റ് നടക്കുക, ശരീരം ഒന്ന് സ്ട്രെച്ച് ചെയ്യുക, വെള്ളം കുടിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാം.
സമ്മർദത്തിലായിരിക്കുമ്പോൾ അറിയാതെ പല്ലുകൾ കടിച്ചുപിടിക്കുകയോ താടി മുറുക്കിപ്പിടിക്കുകയോ ചെയ്യാറുണ്ട്. ഇതുവഴി ശരീരത്തിലെ ടെൻഷൻ കൂടാം.
ച്യൂയിങ് ഗം ചവയ്ക്കുകയോ ലളിതമായ ജോ എക്സർസൈസുകൾ ചെയ്യുകയോ ചെയ്യുന്നത് താടിയിലെ മുറുക്കം കുറയ്ക്കാനും ശ്രദ്ധ സമ്മർദത്തിൽനിന്ന് മാറ്റാനും സഹായിച്ചേക്കാം.
മനസ്സിൽ ചിന്തകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ അവയിൽനിന്ന് ചെറിയൊരു ഇടവേള എടുക്കാൻ ധ്യാനം സഹായിച്ചേക്കാം. സൗകര്യപ്രദമായി ഇരുന്ന് ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാൻ സഹായിക്കും.
തല, മുഖം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ മസാജ് ചെയ്യുന്നത് ശരീരത്തിലെ മസിൽ ടെൻഷൻ കുറയ്ക്കാനും ആശ്വാസം നൽകാനും സഹായിക്കും. വീട്ടിൽ തന്നെ ലളിതമായ മസാജ് ടൂളുകളോ കൈകളോ ഉപയോഗിച്ച് ചെയ്യാം. ശാന്തമായ അന്തരീക്ഷവും മൃദുവായ സംഗീതവും ഇതിനൊപ്പം ചേർത്താൽ വിശ്രമാനുഭവം കൂടുതൽ മെച്ചപ്പെടാം.
സംഗീതത്തിന് മാനസികാവസ്ഥ മാറ്റാനുള്ള കഴിവുണ്ട്. മൃദുവായ സംഗീതവും പതുക്കെയുള്ള താളങ്ങളും ചിലർക്ക് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
എന്നാൽ എല്ലാവർക്കും ഒരേ സംഗീതമല്ല വേണ്ടിവരുന്നത്. ചിലർക്ക് മെലഡി പാട്ടുകളാണ് ആശ്വാസം നൽകുന്നതെങ്കിൽ; മറ്റുചിലർക്ക് റോക്ക്, ഹിപ്-ഹോപ് പോലുള്ള സംഗീതവും സമ്മർദം കുറയ്ക്കാനുള്ള മാർഗമാകാം.
അരോമ തെറാപ്പിയും ചിലർക്ക് വിശ്രമത്തിന് സഹായകരമാകാം. ലാവൻഡർ, കാമമൈൽ തുടങ്ങിയ സുഗന്ധങ്ങൾ ശാന്തതയുമായി ബന്ധപ്പെട്ടതായി വിദ്ഗ്ധർ പറയുന്നു. എസൻഷ്യൽ ഓയിൽ ഡിഫ്യൂസർ ഉപയോഗിക്കുകയോ സുഗന്ധമുള്ള മെഴുകുതിരികൾ ഉപയോഗിക്കുകയോ ചെയ്യാം. എന്നാൽ എസൻഷ്യൽ ഓയിലുകൾ ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷയും ശരിയായ ഉപയോഗരീതിയും ഉറപ്പാക്കണം.
ഉറങ്ങുന്നതിന് മുമ്പ് ഫോൺ സ്ക്രോൾ ചെയ്യുന്നതിന് പകരം ഒരു ഓഡിയോബുക്ക് കേൾക്കുന്നത് മറ്റൊരു മാർഗമാണ്. ഒരു കഥയുടെ ലോകത്തേക്ക് ശ്രദ്ധ തിരിക്കുന്നത് ദിവസത്തെ സമ്മർദങ്ങളിൽനിന്ന് മനസ്സിനെ കുറച്ചുനേരത്തേക്ക് അകറ്റാൻ സഹായിക്കും. കണ്ണടച്ച് കഥ കേൾക്കുന്നത് മനസ്സിന് വിശ്രമം നൽകുന്ന ഒരു ചെറിയ രാത്രിശീലമാക്കാനും കഴിയും.
സമ്മർദം കുറയ്ക്കാൻ മദ്യം, പുകവലി, വാപ്പിങ് തുടങ്ങിയവയെ ആശ്രയിക്കുന്നത് നല്ല മാർഗമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വസ്തുക്കളെ റിലാക്സേഷനായി പതിവായി ആശ്രയിക്കുന്നത് പിന്നീട് ആശ്രിതത്വത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
തുടർച്ചയായ ഉത്കണ്ഠയോ അമിതമായ സമ്മർദമോ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ, സ്വയം റിലാക്സ് ചെയ്യാനുള്ള മാർഗങ്ങൾ മാത്രം ആശ്രയിക്കാതെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates