kodungallur bharani: കൊടുങ്ങല്ലൂര്‍ ഭരണി നാളെ; അറിയാം ഐതീഹ്യവും പ്രാധാന്യവും

ധനോജ്‌

ആദിപരാശക്തിയുടെ ഉഗ്രകാളീഭാവമാണ് കൊടുങ്ങല്ലൂരമ്മ എന്നാണ് വിശ്വാസം. കേരളത്തിലെ ആദ്യത്തെ കാളീക്ഷേത്രവും ആദ്യ ഭഗവതീ ക്ഷേത്രവും ഇതാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ശ്രീകുരുംബാ ഭഗവതി എന്നാണ് കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. ശ്രീയെന്നാല്‍ ഐശ്വര്യമെന്നും, കുരു എന്നാല്‍ പ്രദാനം ചെയ്യുന്നതെന്നുമാണ് അര്‍ത്ഥമാക്കുന്നത്.

ശിവപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദേവീചൈതന്യത്തെ നിഗൂഢമായ താന്ത്രിക വിദ്യകളോടെ ആവാഹിച്ച് പ്രതിഷ്ഠിച്ചതാണെന്നാണ് താന്ത്രിക വിദഗ്ധര്‍ പറയുന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രമാണെങ്കിലും, ക്ഷേത്രനാഥന്‍ ശിവനാണ്. നിവേദ്യ പൂജകള്‍ ഉള്‍പ്പെടെയുള്ള പൂജകളെല്ലാം ശിവന് നടത്തിയ ശേഷമേ മറ്റു മൂര്‍ത്തികള്‍ക്ക് നടത്തുകയുള്ളൂ.

ആചാരവൈവിധ്യങ്ങള്‍ കൊണ്ടും പൂജാക്രമങ്ങള്‍ കൊണ്ടും, പ്രതിഷ്ഠാവിശേഷങ്ങള്‍ കൊണ്ടും, അത്യധികം സങ്കീര്‍ണവും നിഗൂഢവുമാണ് കൊടുങ്ങല്ലൂരിലെ തന്ത്രവിധികള്‍. ഭദ്രകാളിക്കൊപ്പം ശ്രീകോവിലില്‍, രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേര്‍ന്ന് തന്നെ സപ്തമാതാക്കളെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ മീന ഭരണിയും (കൊടുങ്ങല്ലൂര്‍ ഭരണി) താലപ്പൊലിയുമാണ്. ഭരണി ഉത്സവത്തോനടനുബന്ധിച്ച് നടക്കുന്ന കോഴികല്ല് മൂടല്‍, കാവ് തീണ്ടല്‍ എന്നിവ പ്രധാനചടങ്ങുകളാണ്. ഭരണിപ്പാട്ട് പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഭരണിയുടെ തലേദിവസം അശ്വതി നാളില്‍ ആണ് കാവ് തീണ്ടല്‍ നടക്കുന്നത്. കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനത്തിലെ ഭരണി വരെ നീണ്ടു നില്‍ക്കുന്നതാണ് കൊടുങ്ങല്ലൂര്‍ ഭരണി. ഇതില്‍ത്തന്നെ മീനത്തിലെ തിരുവോണം മുതല്‍ അശ്വതി വരെയാണ് പ്രധാന ചടങ്ങുകളത്രയും നടക്കുന്നത്.

മീനമാസത്തിലെ തിരുവോണം നാള്‍ മുതല്‍ അശ്വതി നാള്‍ വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാര്‍ത്ത്. തൃച്ചന്ദനചാര്‍ത്തല്‍ പൂജ എന്നത് ഒരു രഹസ്യ പൂജയായാണ് അറിയപ്പെടുന്നത്. മീനഭരണിയുടെ തലേ നാളിലാണ് ഈ പൂജ നടക്കുന്നത്. ദാരികനുമായുള്ള യുദ്ധത്തില്‍ കാളിക്ക് സംഭവിച്ച മുറിവുകള്‍ ചികിത്സിക്കുന്നതാണ് ഇതെന്നാണ് വിശ്വാസം.

പ്രസിദ്ധമായ മറ്റൊരു ചടങ്ങാണ് രേവതി വിളക്ക് തൊഴല്‍. രേവതി നാളില്‍ നടക്കുന്ന വിളക്ക് തെളിയിക്കല്‍ ചടങ്ങാണിത്. ഭദ്രകാളിയുടെ ദാരിക വിജയം ആഘോഷിക്കുന്ന ചടങ്ങാണിത്. ഈ ദിവസം ആദ്യം കളമെഴുത്തു പാട്ടും തുടര്‍ന്ന് രേവതി വിളക്ക് തെളിയിക്കലും നടക്കുന്നു. ഈ ദിവസം ദേവിയെ ദര്‍ശിച്ചാല്‍ ദുരിതങ്ങളെല്ലാം അകലുമെന്നും ജീവിതത്തില്‍ ഐശ്വര്യം നിറയുമെന്നുമാണ് വിശ്വാസം.

മീനഭരണി ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണ കാവ് തീണ്ടല്‍ ചടങ്ങ്. രേവതി കഴിഞ്ഞു വരുന്ന അശ്വതി നാളിലാണ് കാവ് തീണ്ടല്‍ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാവുതീണ്ടലിനായി കോമരങ്ങള്‍ എത്തും. കയ്യിലെ മരക്കമ്പ് കൊണ്ട് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ അടിച്ച് മൂന്നു തവണ വലംവെക്കുന്ന ചടങ്ങാണ് കാവുതീണ്ടല്‍.

മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവും നടക്കില്ല.തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന, കൊടുങ്ങല്ലൂര്‍ ഭരണി നാളിലെ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും ഒരുപാട് ഫലങ്ങള്‍ നല്കുവാന്‍ കഴിയുമെന്നാണ് വിശ്വാസം.

മീനമാസത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടല്‍ എന്നൊരു ചടങ്ങുണ്ട്. കൊടുങ്ങല്ലൂര്‍ മീനഭരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് കോഴിക്കല്ല് മൂടല്‍. കാളി-ദാരിക യുദ്ധത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates