സമകാലിക മലയാളം ഡെസ്ക്
തടി കുറയ്ക്കാനുള്ള ഡയറ്റ് എന്ന് കേൾക്കുമ്പോഴേ പട്ടിണി കിടക്കുന്നതാണ് നമ്മുടെയൊക്കെ മനസ്സിൽ വരിക.
എന്നാൽ ജപ്പാൻകാരുടെ കാര്യം അങ്ങനെയല്ല. വണ്ണം കുറയ്ക്കാൻ വേണ്ടി കഠിനമായ ഡയറ്റൊന്നും അവർ ചെയ്യാറില്ല.
പകരം, എളുപ്പത്തിൽ എക്കാലത്തും പിന്തുടരാൻ പറ്റുന്ന ചില കിടിലൻ ഭക്ഷണശീലങ്ങളാണ് അവരുടേത്.
ജപ്പാൻകാരുടെ ആ സീക്രട്ടുകൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
വയർ നിറയെ ഭക്ഷണം കഴിക്കുന്ന ശീലം ജപ്പാൻകാർക്കില്ല. വയർ എൺപത് ശതമാനം നിറയുമ്പോൾ തന്നെ അവർ കഴിക്കുന്നത് നിർത്തും. 'ഹര ഹാച്ചി ബു' എന്നാണ് അവർ ഇതിനെ വിളിക്കുന്നത്.ഇത് ആവശ്യമില്ലാത്ത കലോറി ശരീരത്തിൽ എത്തിക്കില്ല.
വലിയ പാത്രത്തിൽ കഴിക്കുന്നതിന് പകരം, ചെറിയ പാത്രങ്ങളിൽ പലതരം വിഭവങ്ങൾ ഉൾപ്പെടുത്തി കഴിക്കാനാണ് അവർക്കിഷ്ടം. ഇത് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും.
പുളിപ്പിച്ച ഭക്ഷണങ്ങൾ ഇവരുടെ ഡയറ്റിലെ പ്രധാനപ്പെട്ട ഒന്നാണ്. ദഹനം എളുപ്പമാക്കാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത്തരം ഭക്ഷണങ്ങൾ വളരെ നല്ലതാണ്.
സീസണൽ പച്ചക്കറികളും പഴങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൃത്രിമമായി ഉണ്ടാക്കുന്നതിനേക്കാൾ സ്വാഭാവികമായ ഭക്ഷണങ്ങളാണ് അവർക്ക് പഥ്യം. ഇത് ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, ദഹനം നന്നാക്കാനും വണ്ണം കൂടാതെ നോക്കാനും സഹായിക്കും.
എണ്ണയിൽ വറുത്തും പൊരിച്ചും എടുക്കുന്നതിന് പകരം ആവിയിൽ വേവിച്ചും ചെറുതായി വഴറ്റിയുമൊക്കെയാണ് ജപ്പാൻകാർ ഭക്ഷണം തയ്യാറാക്കുന്നത്. വളരെ കുറഞ്ഞ അളവിൽ മാത്രം എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞുകൂടില്ല.
ചോറാണ് ഇവരുടെ പ്രധാന ഭക്ഷണം. ചോറിനൊപ്പം എപ്പോഴും ധാരാളം പച്ചക്കറികളും മത്സ്യവും അവർ കഴിക്കാറുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒരുപാട് സഹായിക്കും.
മധുരമുള്ള പാനീയങ്ങൾക്ക് പകരം ദിവസവും ഗ്രീൻ ടീ കുടിക്കുന്ന ശീലവും ഇവർക്കുണ്ട്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാനും ദഹനപ്രക്രിയ വേഗത്തിലാക്കാനും ഗ്രീൻ ടീ സഹായിക്കും.
ഭക്ഷണം കഴിക്കുമ്പോൾ വളരെ സാവധാനം, ഓരോ രുചിയും ആസ്വദിച്ചാണ് ഇവർ ഭക്ഷണം കഴിക്കുന്നത്. ഇങ്ങനെ ധൃതിപിടിക്കാതെ കഴിക്കുമ്പോൾ വയർ നിറഞ്ഞുവെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകും. കൂടുതൽ കഴിക്കുന്നത് ഒഴിവാക്കാനും ദഹനം നന്നാവാനും ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates