സമകാലിക മലയാളം ഡെസ്ക്
പുറത്തുപോകുമ്പോൾ ഹാൻഡ്‌ബാഗിൽ ഉപയോഗിക്കാത്തതും ആവശ്യമില്ലാത്തതുമായ നിരവധി സാധനങ്ങൾ നിറയാറുണ്ട്. ഹാൻഡ്‌ബാഗ് ക്രമീകരിക്കാനും അനാവശ്യ ഭാരം കുറയ്ക്കാനും ചില എളുപ്പവഴികൾ പരീക്ഷിക്കാം.
ബാഗ് ക്രമീകരിക്കുന്നതിന് മുമ്പ് അതിലുള്ള സാധനങ്ങളെല്ലാം പുറത്തെടുക്കുക. ദിവസവും ഉപയോഗിക്കുന്നവ, ഇടയ്ക്കിടെ ആവശ്യമുള്ളവ, ഏറെ നാളായി ഉപയോഗിക്കാത്തവ എന്നിങ്ങനെ മൂന്നായി തിരിക്കാം.
ആവശ്യമില്ലാത്ത ബില്ലുകൾ, പഴയ ടിക്കറ്റുകൾ, കാലിയായ പേനകൾ, ഉപയോഗശൂന്യമായ പേപ്പറുകൾ എന്നിവ ഒഴിവാക്കാം. ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരത്തിൽ ബാഗ് പരിശോധിക്കുന്നത് അനാവശ്യ സാധനങ്ങൾ കുമിഞ്ഞുകൂടുന്നത് തടയും.
പേഴ്സ്, താക്കോൽ, ഫോൺ, ആവശ്യമായ തിരിച്ചറിയൽ രേഖകൾ, ടിഷ്യൂ പേപ്പർ തുടങ്ങിയവയാണ് സാധാരണയായി ഹാൻഡ്‌ബാഗിൽ വേണ്ടിവരുന്ന സാധനങ്ങൾ. ജോലിക്കോ യാത്രയ്ക്കോ അനുസരിച്ച് ആവശ്യമായവ മാത്രം തിരഞ്ഞെടുക്കുക.
എല്ലാ ദിവസവും ഒരേ അളവിൽ സാധനങ്ങൾ കൊണ്ടുനടക്കുന്നതിനുപകരം അന്നത്തെ ആവശ്യങ്ങൾക്കനുസരിച്ച് ബാഗ് തയ്യാറാക്കാം.
വലിയ ടിഷ്യൂ പാക്കറ്റുകൾ, മുഴുവൻ മേക്കപ്പ് കിറ്റ്, വലിയ കുപ്പികൾ തുടങ്ങിയവ ബാഗിന്റെ ഭാരം കൂട്ടിയേക്കാം. ആവശ്യത്തിന് അനുയോജ്യമായ ചെറിയ പാക്കറ്റുകൾ ഉപയോഗിക്കാം.
ബാഗിനുള്ളിൽ ചെറിയ പൗച്ചുകൾ ഉപയോഗിച്ച് സാധനങ്ങൾ ക്രമീകരിക്കാം. പണം, കാർഡുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ചെറിയ വ്യക്തിഗത സാധനങ്ങൾ എന്നിവ പ്രത്യേകം സൂക്ഷിക്കുന്നത് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.
വലിയ വെള്ളക്കുപ്പികൾ, കുട, ചാർജർ, പവർ ബാങ്ക് തുടങ്ങിയവ ആവശ്യത്തിനനുസരിച്ച് മാത്രം കരുതുക. എന്നാൽ വെള്ളം കുടിക്കേണ്ട ആവശ്യവും ഫോൺ ചാർജ് ചെയ്യേണ്ട സാഹചര്യവും അവഗണിക്കരുത്.
വീട്ടിലെത്തിയ ശേഷം ബാഗിൽനിന്ന് ഉപയോഗിച്ച ടിക്കറ്റുകൾ, രസീതുകൾ, ഒഴിഞ്ഞ പാക്കറ്റുകൾ തുടങ്ങിയവ നീക്കം ചെയ്യുക. അടുത്ത ദിവസത്തേക്ക് ആവശ്യമായ സാധനങ്ങൾ മാത്രം തിരികെ വയ്ക്കുക.