'മാന്ത്രികം മെസി'; അർജന്റീനയ്ക്കായി പിറന്ന ചില സുവർണ നിമിഷങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഫുട്ബോൾ ലോകത്ത് ലയണൽ മെസി ഒരു താരത്തിന്റെ പേരിനപ്പുറമാണ്. അർജന്റീനയുടെ ജഴ്സിയിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യാത്രയിൽ സന്തോഷവും നിരാശയും കണ്ണീരും ചരിത്രനേട്ടങ്ങളും ഒരുപോലെ മെസ്സിക്കൊപ്പമുണ്ടായിരുന്നു.

Lionel Messi | Instagram

2006 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം ആറ് ലോകകപ്പുകളിൽ കളിച്ച് രാജ്യത്തിനായി 120ലേറെ ഗോളുകൾ നേടുകയും ഒട്ടേറെ ചരിത്രനേട്ടങ്ങൾക്ക് ഉടമയാവുകയും ചെയ്തു. 2021 കോപ്പ അമേരിക്ക കിരീടം മുതൽ 2022 ലോകകപ്പ് നേട്ടം വരെയും 2026 ലോകകപ്പിലെ അവിസ്മരണീയ പ്രകടനങ്ങൾ വരെയും നിരവധി മുഹൂർത്തങ്ങളാണ് താരം സമ്മാനിച്ചത്.

Lionel Messi | Instagram

2021 കോപ്പ അമേരിക്ക

അർജന്റീനയ്ക്കായി നിരവധി ഫൈനലുകളിൽ കളിച്ചിട്ടും ഒരു പ്രധാന കിരീടം നേടാനാകാത്തതിന്റെ നിരാശ മെസിയെ വേട്ടയാടിയിരുന്നു. 2021ൽ ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈനലിൽ ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിലൂടെ അർജന്റീന വിജയിച്ചപ്പോൾ മെസി ആദ്യമായി സീനിയർ ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം ഉയർത്തി. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

Lionel Messi | Instagram

വെംബ്ലിയിൽ ഫൈനലിസിമ കിരീടം

2022ൽ ഇറ്റലിയെ 3–0ന് തോൽപ്പിച്ച് അർജന്റീന ഫൈനലിസിമ കിരീടം സ്വന്തമാക്കിയപ്പോഴും മെസി ടീമിന്റെ പ്രധാന ശക്തിയായിരുന്നു. കോപ്പ അമേരിക്ക കിരീടത്തിന് പിന്നാലെ ലഭിച്ച ഈ വിജയം ഖത്തർ ലോകകപ്പിന് മുമ്പ് അർജന്റീനയുടെ ആത്മവിശ്വാസം ഉയർത്തി.

Lionel Messi | Instagram

ഖത്തറിലെ ആ ചരിത്രരാത്രി

മെസിയുടെ കരിയറിലെ ഏറ്റവും വലിയ നിമിഷം ഏതെന്ന് ചോദിച്ചാൽ 2022 ലോകകപ്പ് ഫൈനൽ തന്നെയാകും ഉത്തരം. ഫ്രാൻസിനെതിരായ ആവേശകരമായ ഫൈനലിൽ മെസി രണ്ട് ഗോളുകൾ നേടി. പെനാൽറ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടു. ഒടുവിൽ അർജന്റീന ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ 36 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

Lionel Messi | Instagram

ലോകകപ്പിലെ അപൂർവ റെക്കോർഡ്

2022 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മുതൽ പ്രീക്വാർട്ടർ, ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ വരെ എല്ലാ ഘട്ടങ്ങളിലും ഗോൾ നേടുന്ന ആദ്യ താരമായി മെസി മാറി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരമെന്ന റെക്കോർഡും ഖത്തറിൽ അദ്ദേഹം സ്വന്തമാക്കി.

Lionel Messi | Instagram

2014ലെ ഗോൾഡൻ ബോൾ

ലോകകപ്പ് കിരീടം നഷ്ടമായെങ്കിലും 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ മെസിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. നാല് ഗോളുകളുമായി അർജന്റീനയെ ഫൈനലിലെത്തിച്ച മെസിക്ക് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലഭിച്ചു. ഫൈനലിൽ ജർമനിയോട് തോറ്റെങ്കിലും മെസിയുടെ വ്യക്തിഗത പ്രകടനം ചരിത്രത്തിൽ ഇടം നേടി.

Lionel Messi | Instagram

ബ്രസീലിനെതിരെ അത്ഭുത ഗോൾ

2012ലെ സൗഹൃദ മത്സരത്തിൽ ബ്രസീലിനെതിരെ മെസി നേടിയ ഹാട്രിക്കും അതിലെ മൂന്നാം ഗോളും ഇന്നും ആരാധകർ ഓർക്കുന്ന ഒന്നാണ്. മധ്യനിരയിൽ നിന്ന് പന്തുമായി മുന്നേറി പ്രതിരോധ താരങ്ങളെ മറികടന്ന് ഇടതുകാലിൽ തൊടുത്ത ഷോട്ട് വലയിലെത്തുകയായിരുന്നു. അർജന്റീന 4–3ന് ജയിച്ച മത്സരത്തിലെ നിർണായക നിമിഷങ്ങളിലൊന്നായിരുന്നു അത്.

Lionel Messi | Instagram

2024 കോപ്പ അമേരിക്ക കിരീടം

2024ൽ വീണ്ടും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്കൊപ്പം മെസിക്കും മറ്റൊരു ചരിത്രനേട്ടം. ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചാണ് അർജന്റീന കിരീടം നിലനിർത്തിയത്. ആരാധകർക്ക് മുന്നിൽ കിരീടം ആഘോഷിക്കാൻ മെസ്സിക്ക് ലഭിച്ച അവസരവും ഈ വിജയത്തെ കൂടുതൽ പ്രത്യേകമാക്കി.

Lionel Messi | Instagram

2026 ലോകകപ്പിൽ അൾജീരിയക്കെതിരെ ഹാട്രിക്ക് നേടി മെസി മറ്റൊരു ചരിത്രം കുറിച്ചു. അന്ന് തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഹാട്രിക്ക് നേടുന്ന താരമായി. മത്സരത്തിൽ അർജന്റീന 3–0ന് വിജയിച്ചു.

Lionel Messi | Instagram

2026 ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ നേടിയ ഗോളിലൂടെ മെസി മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളുടെ റെക്കോർഡ് മറികടന്നു. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ലോകകപ്പിലെ മെസിയുടെ ഗോൾനേട്ടം 18 ആയി.

Lionel Messi | Instagram

അർജന്റീനയ്ക്കായി മെസിയുടെ യാത്ര എല്ലായ്പ്പോഴും വിജയങ്ങൾ നിറഞ്ഞതായിരുന്നില്ല. തോൽവികളും ഫൈനലുകളിലെ നിരാശകളും ദേശീയ ടീമിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനവുമെല്ലാം ആ യാത്രയുടെ ഭാഗമായിരുന്നു. എന്നാൽ ഓരോ തവണയും തിരിച്ചെത്തി കൂടുതൽ ശക്തമായി പോരാടുകയായിരുന്നു മെസി.

Lionel Messi | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam