പട്ടം പറത്തല്‍, ജല്ലിക്കെട്ട്, സൂര്യദേവന് സമര്‍പ്പിക്കല്‍, പുണ്യസ്‌നാനം...; വിവിധ സംസ്ഥാനങ്ങളില്‍ മകരസംക്രാന്തി ആഘോഷം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ചുരുക്കം ചില ഇന്ത്യന്‍ ഉത്സവങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി. ഹിന്ദുമതത്തില്‍ ശുഭകരമായ ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്ന ഉത്തരായണത്തിന്റെ ആരംഭമായാണ് ഇത് കണക്കാക്കുന്നത്.

പുതിയ തുടക്കങ്ങളുടെയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമായി കാണുന്ന ഈ ദിവസം, വിളവെടുപ്പ് കാലത്തിന്റെ തുടക്കമായും അടയാളപ്പെടുത്തുന്നു. ഇന്ത്യയിലുടനീളം മകരസംക്രാന്തി വ്യത്യസ്ത രീതിയിലാണ് ആഘോഷിക്കുന്നത്. അസമിൽ മഹാ ബി​ഹു, തമിഴ്നാട്ടിൽ പൊങ്കൽ, പഞ്ചാബിൽ ലോഹ്രി, എന്നിങ്ങനെ വിവിധ പേരുകളിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.

ഗുജറാത്തില്‍ മകരസംക്രാന്തി പട്ടം പറത്തല്‍ ആയാണ് ആഘോഷിക്കുന്നത്. ആകാശം വര്‍ണ്ണാഭമായ പട്ടങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ ആഘോഷം, ഗുജറാത്തില്‍ ഉത്തരായന ഉത്സവം എന്നും അറിയപ്പെടുന്നു. ശര്‍ക്കര കൊണ്ട് ഉണ്ടാക്കിയ മധുരപലഹാരങ്ങള്‍ ആളുകള്‍ പരസ്പരം കൈമാറുകയും സാമൂഹിക ഒത്തുചേരലുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ മകരസംക്രാന്തി ഏറെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ആചാരത്തിന്റെ ഭാഗമായി എള്ളുണ്ട എന്ന മധുരപലഹാരം നല്‍കും. തീ കൊളുത്തല്‍, നാടന്‍ പാട്ടുകള്‍ ആലപിക്കല്‍, പരമ്പരാഗത ഭക്ഷണം തയ്യാറാക്കല്‍ എന്നിവയാണ് ഇതിന്റെ ഭാഗമായുള്ള മറ്റു ആഘോഷങ്ങള്‍.

തമിഴ്നാട്ടില്‍ മകരസംക്രാന്തി പൊങ്കല്‍ ആയാണ് ആഘോഷിക്കുന്നത്. പുതുതായി വിളവെടുത്ത അരി ഉപയോഗിച്ചാണ് പൊങ്കല്‍ വിഭവം തയ്യാറാക്കുന്നത്. ഇത് സൂര്യദേവന് സമര്‍പ്പിക്കുന്നു. ജല്ലിക്കെട്ട്, സംഗീതം, നൃത്തം എന്നിവയുള്‍പ്പെടെ വിവിധ ആഘോഷ പരിപാടികളോടെയാണ് തമിഴ്‌നാട്ടുകാര്‍ പൊങ്കല്‍ ആഘോഷിക്കുന്നത്.

ഉത്തര്‍പ്രദേശിലും ബീഹാറിലും ഘോഷയാത്രകള്‍, മേളകള്‍, മതപരമായ ആചാരങ്ങള്‍ എന്നിവയോടെയാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. ഗംഗ പോലുള്ള നദികളില്‍ ആളുകള്‍ പുണ്യസ്‌നാനം ചെയ്ത് സൂര്യദേവന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു.

-

പഞ്ചാബിലും ഹരിയാനയിലും മകരസംക്രാന്തി ആഘോഷിക്കുന്നത് ലോഹ്രി ഉത്സവത്തോടൊപ്പമാണ്. ഇത് മകരസംക്രാന്തിക്ക് ഒരു ദിവസം മുമ്പ് നടക്കുന്നു. ശൈത്യകാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും വിളവെടുപ്പ് കാലത്തിന്റെ ആരംഭത്തെയും സൂചിപ്പിക്കുന്നു.

കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും മകരസംക്രാന്തി ദിവസം ആളുകള്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും മധുരപലഹാരങ്ങള്‍ കൈമാറുകയും കുടുംബയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിൽ മകരസംക്രാന്തിയോടനുബന്ധിച്ചാണ് കോഴിപ്പോര് നടക്കുന്നത്.

കേരളത്തില്‍ മകരസംക്രാന്തിയെ ഒരു കാര്‍ഷിക ഉത്സവമായാണ് കാണുന്നത്. പുതിയ വിളകളുടെ വിളവെടുപ്പ് ആഘോഷിക്കുകയും സൂര്യന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ശബരിമലയിലെ മകരവിളക്ക് ഉത്സവമാണ് മലയാളികളെ സംബന്ധിച്ച് പ്രാധാന്യമുള്ള മറ്റൊന്ന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates