സമകാലിക മലയാളം ഡെസ്ക്
ഒരു പാട്ട് കേൾക്കുമ്പോൾ അതിലെ വരികളേക്കാൾ ആദ്യം ഓർമയിലെത്തുന്ന ശബ്ദങ്ങളുണ്ട്. ശ്രീപതി പണ്ഡിതാരധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം അത്തരത്തിലൊന്നാണ്. പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും വേദനയ്ക്കുമെല്ലാം ഒരുപോലെ ജീവൻ നൽകാൻ കഴിഞ്ഞ ശബ്ദം.
ഭാഷയുടെയും കാലത്തിന്റെയും അതിരുകൾ മറികടന്ന് എസ്പിബി സംഗീതം ഇന്നും അതേ പുതുമയോടെ ആസ്വദിക്കപ്പെടുന്നു. നാല് ഇന്ത്യൻ ഭാഷകളിലായി ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എസ്.പി. ബാലസുബ്രഹ്മണ്യം 40,000-ത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
“ഇളമൈ ഇതോ ഇതോ” – സകലകലാവല്ലവൻ
യൗവനത്തിന്റെ ഊർജവും ആഘോഷവും ഒരുപോലെ അനുഭവിപ്പിക്കുന്ന ഗാനമാണ് “ഇളമൈ ഇതോ ഇതോ”. കമൽഹാസൻ അഭിനയിച്ച സകലകലാവല്ലവൻ എന്ന ചിത്രത്തിലെ ഈ ഗാനം എസ്പിബിയുടെ ശബ്ദത്തിന്റെ യുവത്വവും ഊർജവും പ്രകടമാക്കുന്നു.
“മണ്ണിൽ ഈന്ത കാതൽ” – കെളടി കൺമണി
‘കേളടി കൺമണി’യിൽ എസ്.പി. ബാലസുബ്രഹ്മണ്യം തന്നെ അഭിനയിച്ച ഗാനമാണ് ‘മണ്ണിൽ ഇന്ത കാതൽ’. ശ്വാസം വിടാതെ ഗാനത്തിന്റെ രണ്ട് ചരണങ്ങളും ആലപിച്ചതാണ് ഈ പാട്ടിനെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്.
“ഇളയനിലാ പൊഴികിറതേ“ - പയനങ്ങൾ മുടിവതില്ലൈ
‘പയണങ്ങൾ മുടിവതില്ലൈ’ എന്ന ചിത്രത്തിലെ ‘ഇളയ നിലാ പൊഴികിറതേ’ എസ്.പി.ബി–ഇളയരാജ കൂട്ടുകെട്ടിന്റെ ജനപ്രീതി വ്യക്തമാക്കുന്ന ഗാനമാണ്. മോഹനെ നായകനാക്കി ചിത്രീകരിച്ച ഈ വേഗമേറിയ മെലഡി വലിയ ഹിറ്റായി മാറി. പിന്നീട് ഇതിലെ ഈണം ഹിന്ദിയിലെ ‘നീലേ നീലേ അംബർ പർ’ എന്ന ഗാനത്തിലും ഉപയോഗിച്ചു.
“നിലാവേ വാ സെല്ലാതെ വാ“ - മൗനരാഗം
മണിരത്നത്തിന്റെ ‘മൗനരാഗം’ എന്ന ചിത്രത്തിലെ ‘നിലാവേ വാ സെല്ലാതെ വാ’ എസ്.പി.ബിയുടെ മൃദുലമായ പ്രണയഗാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇളയരാജയുടെ സംഗീതവും വാലിയുടെ വരികളും ചേർന്ന ഗാനം എസ്.പി.ബിയുടെ ശാന്തമായ ആലാപനത്തിലൂടെ കൂടുതൽ ഹൃദയസ്പർശിയായി.
“തങ്ക താമരൈ മകളേ“ - മിൻസാര കനവ്
എ.ആർ. റഹ്മാന്റെ സംഗീതത്തിൽ 1997ൽ പുറത്തിറങ്ങിയ ‘മിൻസാര കനവ്’ ചിത്രത്തിലെ ‘തങ്ക താമരൈ മകളേ’ എസ്.പി.ബിയുടെ മറ്റൊരു ശ്രദ്ധേയമായ പ്രണയഗാനമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതിനൊപ്പം ഈ ഗാനത്തിലൂടെ എസ്.പി.ബിക്ക് മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
“കണ്ണാൽ പേസും പെണ്ണേ“ - മൊഴി
പ്രിത്വിരാജ്, ജ്യോതിക, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘മൊഴി’യിലെ ‘കണ്ണാൽ പേസും പെണ്ണേ’ എസ്.പി.ബിയുടെ പിന്നീട് വന്ന ശ്രദ്ധേയ ഗാനങ്ങളിലൊന്നാണ്. വിദ്യാസാഗറിന്റെ സംഗീതവും വൈരമുത്തുവിന്റെ വരികളും ചേർന്ന ഗാനത്തിന് ലളിതവും മനോഹരവുമായ പ്രണയഭാവമാണ്.
“ഓംകാര നാദാനുസന്ധാനം“ - ശങ്കരാഭരണം
‘ശങ്കരാഭരണം’ . കർണാടക സംഗീതത്തിന്റെ ശക്തമായ സാന്നിധ്യമുള്ള ചിത്രത്തിലെ ‘ഓംകാര നാദാനുസന്ധാനം’ എസ്.പി.ബിയുടെ സംഗീതജീവിതത്തിലെ നിർണായക ചിത്രങ്ങളിലൊന്നാണ്. ശാസ്ത്രീയമായി പരിശീലനം നേടിയ ഗായകനല്ലാതിരുന്നിട്ടും ഈ ഗാനത്തിലൂടെ അദ്ദേഹം തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates