രഞ്ജിത്ത് കാർത്തിക
മലയാള സിനിമാ പാട്ടുകളില്‍ നിരവധി തവണ സംഗീത സംവിധായകര്‍ ഉപയോഗിച്ച രാഗമാണ് 'കാപി'. 22ാം മേളകര്‍ത്താ രാഗമായ 'ഖരഹരപ്രിയ'യില്‍ ജന്യമാണ് കാപി. തിളക്കം സിനിമയിലെ 'എന്ന തപം ശെയ്തനേ' എന്ന കീര്‍ത്തനം ഈ രാഗത്തിലുള്ള പ്രസിദ്ധ കൃതികളില്‍ ഒന്നാണ്. പാപനാശം ശിവനാണ് ഇതു രചിച്ചിട്ടുള്ളത്.
കെ രാഘവന്‍- 1954ല്‍ ഇറങ്ങിയ നീലക്കുയില്‍ സിനിമയിലെ കായലരികത്തു വലയെറിഞ്ഞപ്പോള്‍ എന്ന പാട്ട് കാപി രാഗത്തിലാണ് രാഘവന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. രാഘവന്‍ മാഷ് തന്നെയാണ് പാട്ട് പാടിയതും.
ജി ദേവരാജന്‍- കാപി രാഗത്തില്‍ നിരവധി ഗാനങ്ങളാണ് ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്. വിവാഹിതയിലെ സുംമഗലി നീ ഓര്‍മിക്കുമോ, രാജഹംസത്തിലെ സന്ന്യാസിനി, സത്രത്തില്‍ ഒരു രാത്രിയിലെ ഏഴു സ്വരങ്ങളില്‍, വയനാടന്‍ തമ്പാനിലെ മഞ്ചാടി മണിമാല തുടങ്ങി അനേകം പാട്ടുകള്‍.
വി ദക്ഷിണാമൂര്‍ത്തി- 1951ല്‍ ഇറങ്ങിയ നവലോകം ചിത്രത്തിലെ പുതുസൂര്യശോഭയില്‍, ചിലമ്പൊലിയിലെ കണ്ണനെ കണ്ടേന്‍ സഖി, അരക്കള്ളന്‍ മുക്കാല്‍കള്ളനിലെ പഞ്ചബാണനെന്‍ ചെവിയില്‍, മനുഷ്യനിലെ ആദിയുഷസില്‍ തുടങ്ങി നിരവധി ഗാനങ്ങള്‍.
എംകെ അര്‍ജുനന്‍- യമുനേ... യദുകുല രതിദേവനെവിടെ എന്ന റസ്റ്റ് ഹൗസിലെ ഗാനം അര്‍ജുനന്‍ മാസ്റ്ററുടെ ഈ രാഗത്തിലെ ശ്രദ്ധേയ പാട്ടാണ്. ദ്വാരകേ...ദ്വാരകേ ദ്വാപരയുഗത്തിലെ, ദുഃഖത്തിന്‍ മെഴുതിരി, മദന സോപാനത്തില്‍, എന്റെ സ്വപ്‌ന വീണയില്‍ തുടങ്ങി നിരവധി പാട്ടുകള്‍.
എംഎസ് ബാബുരാജ്- 1968ല്‍ ഇറങ്ങിയ മനസ്വിനിയിലെ ബാബുരാജ് സംഗീതം ചെയ്ത പാതിരാവായില്ല പൗര്‍ണമി കന്യയ്ക്കു എന്ന ഗാനം ഈ രാഗത്തിലെ എണ്ണം പറഞ്ഞ പാട്ടുകളില്‍ ഒന്നാണ്. യേശുദാസ്, ജാനകി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.
എംജി രാധാകൃഷ്ണന്‍- കുലം എന്ന ചിത്രത്തില്‍ എംജി രാധകൃഷ്ണന്‍ ചിട്ടപ്പെടുത്തി എംജി രാധാകൃഷ്ണനും കെഎസ് ചിത്രയും ചേര്‍ന്നു പാടിയ ചന്ദന ശിലയില്‍ കാമനുണര്‍ന്നു എന്ന പാട്ട് ഈ രാഗത്തിലെ ശ്രദ്ധേയ ഗാനമാണ്.
ജോണ്‍സണ്‍- കാപി രാഗത്തെ വിവിധ കാലത്തായി മനോഹര ഗാനങ്ങളില്‍ ഉപയോഗിച്ച സംഗീത സംവിധായകനാണ് ജോണ്‍സണ്‍ മാസ്റ്റര്‍. സ്വര്‍ണ മുകിലേ, പാലപ്പൂവേ, മൗനസരോവരമാകെയുണര്‍ന്നു, പുലര്‍വെയിലും തുടങ്ങി നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ഔസേപ്പച്ചന്‍- അനിയത്തിപ്രാവിലെ ഓ പ്രിയേ ഒരു കാലഘട്ടത്തിലെ ശ്രദ്ധേയ ഗാനമാണ്. ഔസേപ്പച്ചനാണ് ഗാനം കാപിയില്‍ ഒരുക്കിയത്. ഒരു പൂവിരിയുന്ന സുഖമറിഞ്ഞു, കസ്തൂരിമാനിലെ അഴകേ, നിനവേ എന്‍ നിനവേ, വിസ്മയത്തുമ്പത്തിലെ പ്രിയനേ നിയെന്നെ അറിയാതിരുന്നാല്‍ പാട്ടുകളും ഇതേ രാഗത്തില്‍ തന്നെ അദ്ദേഹം ചിട്ടപ്പെടുത്തി.
വിദ്യാസാഗര്‍- കാപി രാഗത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. വരമഞ്ഞളാടിയ, കരിമിഴി കുരുവിയെ കണ്ടില്ല, അനുരാഗ വിലോചനനായി, എത്രയോ ജന്മമായ്, കിളിപ്പെണ്ണേ നിലാവിന്‍ തുടങ്ങി നിരവധി പാട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates