സമകാലിക മലയാളം ഡെസ്ക്
ഭൂമിയിലെ മൃഗങ്ങൾ എല്ലാം വേഗതയുള്ളവയോ എപ്പോഴും ജാഗ്രതയോടെ സജീവമായി ഇരിക്കുന്നവരോ ആയി കരുതേണ്ട.
ചില മൃഗങ്ങൾ ധൃതിയൊന്നുമില്ലാതെ ജീവിക്കാനും കൂടുതൽ നേരം ഉറങ്ങാനും ആവശ്യത്തിന് മാത്രം ശരീരം അനക്കാനും താൽപര്യപ്പെടുന്നവരാണ്.
പക്ഷെ ഇത് അവരുടെ മടിയല്ല കേട്ടോ, ജീവിത രീതിയാണ്.
ലോകത്തിൽ ഇങ്ങനെ മടിയന്മാരായിട്ടുള്ള ചില മൃഗങ്ങളെ പരിചയപ്പെടാം.
സ്ലോത്ത്
വളരെ സാവധാനത്തിൽ നീങ്ങുകയും ദിവസത്തിന്റെ ഭൂരിഭാഗവും മരങ്ങളിൽ തലകീഴായി തൂങ്ങിക്കിടക്കുകയും ചെയ്യുന്ന ഒരു മൃഗമാണിത്. ഒരു ദിവസം ഏകദേശം 20 മണിക്കൂറാണ് ഇവ ഉറങ്ങുന്നത്. തന്റെ ഊർജ്ജം ലാഭിക്കാനും വേട്ടക്കാരിൽ നിന്ന് സുരക്ഷിതമായിരിക്കാനും വേണ്ടിയാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.
കൊവാല
ഒരു ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ഇവ ഉറങ്ങാറുണ്ട്. ഇവ കഴിക്കുന്ന യൂക്കാലിപ്റ്റസ് ഇലകൾ ദഹിക്കാൻ വളരെയധികം സമയമെടുക്കും. മാത്രമല്ല ഇത് അവയ്ക്ക് കൂടുതൽ ഊർജ്ജം നൽകുന്നുമില്ല. അതിനാൽ അവ കൂടുതൽ സമയവും മരങ്ങളിൽ ഉറങ്ങാൻ ചെലവഴിക്കുന്നു.
ഹിപ്പോപ്പൊട്ടാമസ്
ഇക്കൂട്ടർ ഓരോ കാര്യങ്ങളും ശാന്തമായി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. തണുപ്പ് നിലനിർത്താനും ഊർജ്ജം ലാഭിക്കാനും അവ ദിവസത്തിന്റെ ഭൂരിഭാഗവും നദികളിലോ തടാകങ്ങളിലോ വിശ്രമിക്കും. പകൽ സമയത്ത് വെള്ളത്തിൽ വിശ്രമിക്കുന്ന ഹിപ്പോകൾ രാത്രിയിൽ പതുക്കെ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങും.
പാണ്ട
ദിവസത്തിന്റെ ഭൂരിഭാഗവും മുള തിന്നും വിശ്രമിച്ചുമാണ് പാണ്ടകൾ സമയം ചെലവഴിക്കുന്നത്. മുള അധികം ഊർജ്ജം നൽകാത്ത ഭക്ഷണമായതിനാൽ പാണ്ടകൾ പലപ്പോഴും ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ഉറങ്ങാറുണ്ട്.
ഒപോസം
രാത്രിയിൽ സജീവമായിരിക്കുകായും പകൽ സമയത്ത് ഉറങ്ങുകയും ചെയ്യുന്ന മൃഗമാണിത്. പലപ്പോഴും 18 മുതൽ 20 മണിക്കൂർ വരെ ഇവ ഉറങ്ങും. രാത്രിയിൽ സഞ്ചരിക്കാനും ഭക്ഷണം കണ്ടെത്താനും ആവശ്യമായ ഊർജ്ജം സംഭരിക്കാൻ വേണ്ടി നീണ്ട വിശ്രമം ഇവയെ സഹായിക്കുന്നു.
മനാറ്റി
മനാറ്റികൾ കടൽ പശുക്കൾ എന്നും അറിയപ്പെടുന്നു. സമുദ്രത്തിലെ ഏറ്റവും ശാന്തമായ ജീവികളിൽ ഒന്നാണ് ഇവ. വെള്ളത്തിലൂടെ സുഗമമായി പതുക്കെ തെന്നി നീങ്ങുന്ന ഇവ കൂടുതൽ സമയവും ഭക്ഷണം കഴിച്ചും വിശ്രമിച്ചും സമയം ചെലവഴിക്കുന്നു.
സിംഹം
സിംഹങ്ങൾ ക്രൂരരായ വേട്ടക്കാരായിരിക്കാം പക്ഷേ ഉറക്കത്തിലും കേമരാണ് ഇവർ. ഒരു സിംഹത്തിന് ഒരു ദിവസം 20 മണിക്കൂർ വരെ വിശ്രമിക്കാനോ ഉറങ്ങാനോ കഴിയും. വേട്ടയാടലിനു ശേഷമുള്ള സമയം അവ അലസമായ സമയം ആസ്വദിക്കുകയാണ് ചെയ്യുന്നത്.
ലെമൂർ
പ്രധാനമായും മഡഗാസ്കറിൽ കാണപ്പെടുന്ന ലെമൂറുകൾ വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവ സാധാരണയായി ദിവസത്തിൽ 16 മണിക്കൂർ ഉറങ്ങാറുണ്ട്. പലപ്പോഴും സുരക്ഷിതത്വം തോന്നുന്ന മരങ്ങളിലാണ് ഇവ ഉറങ്ങുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates