സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് പഴങ്ങൾ എന്ന് എല്ലാവർക്കും അറിയാം.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും ദിവസവും പഴങ്ങൾ കഴിക്കാൻ നിർദേശിക്കാറുണ്ട്.
എന്നാൽ എല്ലാ പഴങ്ങളും എല്ലാ സാഹചര്യത്തിലും പൂർണമായും സുരക്ഷിതമാണെന്ന ധാരണ ശരിയല്ല. ചില പഴങ്ങളുടെ വിത്തുകളിലും തൊലിയിലും സ്വാഭാവികമായി വിഷാംശങ്ങൾ അടങ്ങിയിരിക്കാം.
തെറ്റായ രീതിയിൽ കഴിക്കുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്താൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും അപൂർവമായി ജീവന് ഭീഷണിയായ അവസ്ഥകൾക്കും കാരണമാകാം.
ഏതൊക്കെയാണ് അത്തരം പഴങ്ങൾ എന്ന് വിശദമായി അറിയാം.
ചെറി പഴം (Cherry fruit)
നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ചെറി പഴങ്ങളുടെ കുരുക്കളിൽ ഹൈഡ്രജൻ സയനൈഡ് എന്ന മാരക വിഷം അടങ്ങിയിട്ടുണ്ട്. അറിയാതെ ഒന്നോ രണ്ടോ കുരുക്കൾ വിഴുങ്ങിയാൽ പ്രശ്നമില്ലെങ്കിലും, കൂടുതൽ അളവിൽ ചവച്ചരച്ച് കഴിക്കുകയാണെങ്കിൽ അപസ്മാരം, ശ്വാസതടസ്സം, ഹൃദയാഘാതം, മരണം എന്നിവയ്ക്ക് വരെ കാരണമാകാം.
പൊങ് പൊങ് പഴം (Pong-pong fruit)
തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഈ മരത്തെ ആത്മഹത്യാ മരം എന്നും വിളിക്കാറുണ്ട്. കാരണം ഇതിലടങ്ങിയിരിക്കുന്ന സെർബെറിൻ എന്ന വിഷം ഹൃദയത്തെ വളരെ പെട്ടെന്ന് ബാധിക്കുന്നു. കേരളത്തിൽ സസ്യങ്ങൾ മൂലമുണ്ടായ വിഷബാധയുടെ പകുതിയും സെർബെറിൻ കാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സ്റ്റാർ ഫ്രൂട്ട് (Star fruit)
നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ഈ മധുരവും പുളിയുമുള്ള പഴം പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഇതിൽ ഉയർന്ന അളവിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ചേർന്ന് വൃക്കയിൽ കല്ലുകളുണ്ടാക്കുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യും.
മഞ്ചീനിൽ (Manchineel)
മരണത്തിന്റെ ആപ്പിൾ എന്നാണ് ഈ പഴത്തിനെ വിളിക്കുന്നത്. ആപ്പിളിന്റെ രൂപത്തിലും മണത്തിലും കാണുന്ന ഈ പച്ചനിറത്തിലുള്ള പഴത്തിൽ തൊടുമ്പോൾ പോലും പൊള്ളലുണ്ടാക്കും. ഇതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫോർബോൾ, ഹിപ്പോമാൻ എന്നീ വിഷാംശങ്ങൾ ചർമ്മത്തിന് സഹിക്കാനാവാത്ത വേദന നൽകും.
കഴിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങളും മരണവും വരെ സംഭവിക്കാം. ഈ മരത്തിൽ നിന്നുള്ള ചെറിയ തുള്ളികൾ കാർ പെയിന്റിനെ പോലും നശിപ്പിക്കാൻ ശേഷിയുണ്ട് .
ജെത്രോഫ (Jatropha)
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണുന്ന ഈ സസ്യത്തിന്റെ മഞ്ഞ നിറത്തിലുള്ള കായ്കൾ മധുരമുള്ളതാണെങ്കിലും റൈസിൻ എന്ന വിഷം ഇതിലടങ്ങിയിട്ടുണ്ട്. ഇത് ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടയിൽ എരിച്ചിൽ എന്നിവയ്ക്ക് കാരണമാകും.
സീ ബക്ക്‌തോൺ പെരിസ് (Sea buckthorn peris)
ഓറഞ്ച് നിറത്തിൽ കാണാൻ മനോഹരമായ ഈ പഴം കഴിച്ചാൽ വയറുവേദന, രക്തം കട്ടപിടിക്കുന്നത് കുറയുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ, പൊള്ളൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ലിച്ചീ (Lychee)
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ലിച്ചീ പഴം പഴുക്കുന്നതിന് മുൻപ് കഴിക്കുന്നത് അപകടകരമാണ്. പഴുക്കാത്ത ലിച്ചീയിൽ മെത്തിലീൻ സൈക്ലോപ്രോപൈൽ ഗ്ലൈസിൻ എന്ന വിഷം അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിച്ചാൽ മസ്തിഷ്ക വീക്കം മൂലം മരണം വരെ സംഭവിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates