സമകാലിക മലയാളം ഡെസ്ക്
സഞ്ചാരികളുടെ ഏറ്റവും ഇഷ്ടമായി മാറിയ രാജ്യമാണ് തായ്‌ലൻഡ്.
തായ്‌ലൻഡ് എന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സിൽ വരുന്നത് ആഘോഷങ്ങളും നൈറ്റ്ലൈഫും കടല്‍ത്തീരങ്ങളുമായിരിക്കും.
എന്നാൽ ഇവ മാത്രമല്ല ഇവിടുത്തെ ഭക്ഷണങ്ങളും തായ്‌ലൻഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
തായ്‌ലൻഡിൽ പോയാൽ തീർച്ചയായും പരീക്ഷിക്കേണ്ട ചില വിഭവങ്ങൾ പരിചയപ്പെടാം.
ടബ് ടിം ഗ്രോബ്
വാട്ടർ ചെസ്റ്റ്നട്ട് ചെറിയ ക്യൂബുകളായി അരിഞ്ഞ് ചുവന്ന നിറത്തിലുള്ള സിറപ്പിൽ മുക്കി മരച്ചീനിപ്പൊടിയുടെ മാവിൽ പൊതിഞ്ഞ് തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്നു. മധുരവും അല്പം ഉപ്പും ചേർത്ത തണുപ്പിച്ച തേങ്ങാപ്പാലും നല്ലപോലെ പൊടിച്ച ഐസും ഇതിന് മുകളിൽ ചേർക്കുന്നു.
ഖനോം പിയ
തായ്-ചൈനീസ് പാരമ്പര്യം വിളിച്ചോതുന്ന ഒരു ഡിസർട്ട് ആണ് ഇത്. അടരുകളായുള്ള മാവിനുള്ളിൽ ചെറുപയറോ, താമര വിത്തോ അല്ലെങ്കിൽ വിവിധ പഴങ്ങളുടെ പേസ്റ്റോ നിറച്ച് ഇത് തയ്യാറാക്കുന്നു
ഡീപ് ഫ്രൈഡ് പൈനാപ്പിൾ
ഹുവ ഹിൻ നഗരത്തിലെ ഒരു പ്രത്യേക വിഭവമാണിത്. ഫ്രഷ് പൈനാപ്പിൾ കഷ്ണങ്ങൾ അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത മിശ്രിതത്തിൽ മുക്കി പൊരിച്ചെടുക്കുന്നു
ഖനോം ടാക്കോ
കാണാന്‍ വളരെ ഭംഗിയുള്ള ഒരു പുഡിങ്ങാണിത്. പാൻഡൻ ജെല്ലിയുടെയും തേങ്ങാപ്പാലിന്റെയും പാളികളായാണ് ഇത് നിർമ്മിക്കുന്നത്. മുകളിൽ ടപിയോക്ക മുത്തുകളോ പച്ചക്കറികളോ വെച്ച് അലങ്കരിക്കുന്നു.
ഖനോം ക്രോക്ക്
തായ് തെരുവുകളിലെ ഏറ്റവും പ്രശസ്തമായ വിഭവം. അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ചെറിയ പാൻകേക്കുകളാണിവ. മുകളിൽ മധുരക്കിഴങ്ങ്, ചോളം അല്ലെങ്കിൽ ഉള്ളി എന്നിവ വിതറുന്നു.
ഖാവോ ലാം
മുളങ്കുറ്റിക്കുള്ളിൽ ഇട്ട് വേവിച്ചെടുക്കുന്ന സ്റ്റിക്കി റൈസ് ആണിത്. ചുവന്ന പയറും തേങ്ങാപ്പാലും അരിയും ചേർത്ത് മുളങ്കുറ്റിയിൽ നിറച്ച് കനലിൽ ചുട്ടെടുക്കുമ്പോൾ ലഭിക്കുന്ന ഗന്ധവും രുചിയുമാണ് ഇതിന്‍റെ ഹൈലൈറ്റ്.
ഖനോം ടാൻ
തായ്‌ലൻഡിലെ പനമ്പഴത്തിന്റെ നീരും അരിപ്പൊടിയും തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കുന്നു. ശേഷം, ചെറിയ വാഴയില കൊണ്ടുണ്ടാക്കിയ കപ്പുകളിലോ ചെറിയ പാത്രങ്ങളിലോ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates