അഞ്ജു സി വിനോദ്
'ഡോക്ടറെ കണ്ടാൽ തന്നെ പകുതി അസുഖം മാറും'- എന്ന് പലരും പറഞ്ഞു കേൾക്കാറില്ലേ, രോഗികൾക്ക് വേണ്ടി തങ്ങളുടെ സമയവും ആരോഗ്യവും നീക്കി വയ്ക്കുന്നവരാണ് ഡോക്ടർമാർ. ദൈവത്തിന്റെ അത്ഭുത കരങ്ങൾ എന്നാണ് ഡോക്ടർമാരെ വിശേഷിപ്പിക്കുന്നത്.
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. 1991 മുതലാണ് രാജ്യത്ത് ഡോക്ടേഴ്സ് ദിനം ആചരിച്ചു തുടങ്ങുന്നത്.
പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.
അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1882 ജൂലൈ ഒന്നിനാണ് ഡോ. ബിദൻ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ ഒന്നിനുമാണ്.
1948 മുതൽ മരിക്കുന്നത് വരെ 14 വർഷം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം ജീവൻ പോലും അവഗണിച്ച് രോഗികളെ നോക്കുന്നതിൽ ഉത്തമ ഉദാഹരണമായിരുന്നു ഡോ. റോയി.
ഡോക്ടർമാരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ സ്മരിക്കുന്നതിനുമായി ഈ ദിനം ആചരിക്കുന്നു. ഡോക്ടേഴ്സ് ദിനത്തില്‍ രാജ്യത്തുടനീളം വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നു.
വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിലാണ് ഡോക്ടഴ്‌സ് ദിനം ആഘോഷിക്കുന്നത്. അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്‌സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്‌സ് ദിനം.
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം 1961-ൽ ഡോ. ബിദൻ ചന്ദ്ര റോയിക്ക് നൽകി ആദരിച്ചു. പ്രശസ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ഡോ. റോയി.