സമകാലിക മലയാളം ഡെസ്ക്
നെയിൽ പോളിഷിന്റെ കടുത്ത നിറങ്ങളോ, വലിയ ഡിസൈനുകളോ വേണ്ട. നഖങ്ങൾക്ക് സ്വാഭാവികമായ ഭംഗിയും കണ്ണാടിപോലെ തിളക്കവും മാത്രം മതി. 2026ലെ ബ്യൂട്ടി ട്രെൻഡുകളിൽ ശ്രദ്ധ നേടുകയാണ് ഗ്ലാസി നഖങ്ങൾ (Glassy Nails). വൃത്തിയും തിളക്കവുമാണ് ഈ സ്റ്റൈലിന്റെ പ്രത്യേകത.
‘ഗ്ലാസ് സ്കിൻ’ (Glass Skin) എന്ന ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗ്ലാസി നഖങ്ങൾ എന്ന ആശയവും ശ്രദ്ധ നേടുന്നത്. വളരെ നേർത്തതും ഏതാണ്ട് സുതാര്യവുമായ ബേസ് കോട്ടിനൊപ്പം ഉയർന്ന തിളക്കമുള്ള ഫിനിഷാണ് ഇതിന്റെ പ്രത്യേകത.
പേര് സൂചിപ്പിക്കുന്നതുപോലെ നഖത്തിന് മുകളിൽ ഒരു നേർത്ത ഗ്ലാസ് പാളി ഉള്ളതുപോലെ തോന്നിക്കുന്ന മാനിക്യൂറാണ് ഗ്ലാസി നഖങ്ങൾ. സാധാരണ ക്രോം നെയിലുകളിലെ പോലെ മെറ്റാലിക് തിളക്കമോ, ഗ്ലേസ്ഡ് ഡോനട്ട് നഖങ്ങളിലേതു പോലെ പേൾ പോലെയുള്ള ഷിമ്മറോ ഇതിൽ നിർബന്ധമില്ല.
നഖത്തിന്റെ സ്വാഭാവിക നിറം മറച്ചുവയ്ക്കാതെ അതിന് മുകളിൽ സുതാര്യവും ഹൈ-ഷൈൻ ഫിനിഷും നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നഖങ്ങൾ വൃത്തിയുള്ളതും നാച്ചുറലായും തോന്നും.
ഗ്ലാസി നഖങ്ങളുടെ പ്രധാന ആകർഷണം നിറമല്ല, തിളക്കമാണ്. വെളിച്ചം നഖത്തിൽ പതിക്കുമ്പോൾ പ്രതിഫലിക്കുന്ന തരത്തിലുള്ള മിനുസമുള്ള ഫിനിഷാണ് വേണ്ടത്.
വളരെ നേർത്ത പിങ്ക്, ന്യൂഡ്, ബീജ് തുടങ്ങിയ ഷേഡുകൾ ഉപയോഗിച്ചുള്ള വകഭേദങ്ങളും പരീക്ഷിക്കാം. എന്നാൽ നഖത്തിന്റെ സ്വാഭാവിക രൂപം പൂർണമായി മറയ്ക്കുന്ന തരത്തിലുള്ള കട്ടിയുള്ള നിറങ്ങൾ ഒഴിവാക്കുന്നതാണ് ഈ ട്രെൻഡിന്റെ അടിസ്ഥാന ആശയം.
ഈ ലുക്ക് സ്വന്തമാക്കാൻ വലിയ നെയിൽ ആർട്ട് ആവശ്യമില്ല. ആദ്യം നഖങ്ങൾ നന്നായി വൃത്തിയാക്കി ഒരേ ആകൃതിയിൽ ഫയൽ ചെയ്യാം. ക്യൂട്ടിക്കിളുകൾ വൃത്തിയായി ക്രമീകരിച്ച ശേഷം ബേസ് കോട്ട് നൽകുക.
ശേഷം വളരെ സുതാര്യമായ ന്യൂഡ് അല്ലെങ്കിൽ പിങ്ക് പോളിഷ് ഒരു നേർത്ത ലെയറായി ഉപയോഗിക്കാം. ഒടുവിൽ നല്ല ഹൈ-ഷൈൻ ടോപ്പ് കോട്ട് നൽകുന്നതാണ് പ്രധാന ഘട്ടം. നഖത്തിന്റെ ഉപരിതലം എത്രത്തോളം മിനുസമുള്ളതാണോ, അത്രയും ഭംഗിയായി ഗ്ലാസ് പോലെയുള്ള ഫിനിഷ് ലഭിക്കും.
നീളമുള്ള നഖങ്ങൾ മാത്രമേ ഈ ട്രെൻഡിന് അനുയോജ്യമാകൂ എന്നില്ല. ചെറിയ, സ്വാഭാവികമായ നഖങ്ങളിലും ഇത് ഭംഗിയായി പരീക്ഷിക്കാം.
ഓഫീസിലേക്കോ കോളജിലേക്കോ പോകുമ്പോഴും, പാർട്ടിക്കോ ഡിന്നറിനോ പോകുമ്പോഴും ഒരുപോലെ ചേരുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
നഖങ്ങളിൽ കടുത്ത നിറങ്ങൾ പരീക്ഷിക്കാൻ താൽപര്യമില്ലാത്തവർക്ക് ഗ്ലാസി നഖങ്ങൾ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ട്രെൻഡാണ്. വസ്ത്രത്തിന്റെ നിറത്തോടോ മേക്കപ്പിനോടോ പ്രത്യേകമായി പൊരുത്തപ്പെടുത്തേണ്ടതില്ല എന്നതും ഇതിന്റെ ഗുണമാണ്.
നഖങ്ങളെ കൂടുതൽ അലങ്കരിക്കുന്നതിനുപകരം അവയുടെ സ്വാഭാവിക ഭംഗി തന്നെ ഹൈലൈറ്റ് ചെയ്യുക എന്നതാണ് 2026ലെ ഈ ട്രെൻഡിന്റെ പ്രത്യേകത. നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ബ്യൂട്ടി ലോകത്ത്, ഇത്തവണ നഖങ്ങൾക്ക് വേണ്ടത് ഒരുപക്ഷേ നിറമല്ല, കുറച്ച് തിളക്കം മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates