സമകാലിക മലയാളം ഡെസ്ക്
ചൂടു ചായയ്ക്കൊപ്പം പുകവലിക്കുന്ന ശീലമുണ്ടോ? താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ഈ ശീലം ആരോഗ്യത്തിന് പണിയാകും. ഇത് അന്നനാളത്തിൽ കാൻസാർ സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ്.
ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു.
2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്വാസകോശ അര്‍ബുദം
സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറുകയും ചെയ്യും.
തൊണ്ടയിലെ കാന്‍സര്‍
സിഗരറ്റ് വലിക്കുന്നതിലൂടെ ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ തൊണ്ടയിൽ എത്തും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോൾ, തൊണ്ടയിലെ കോശങ്ങൾ വേഗത്തില്‍ നശിക്കുന്നു.
ഇത് തൊണ്ടയിൽ സ്ഥിരമായ നീർക്കെട്ടിനും ശബ്ദ മാറ്റങ്ങൾക്കും കാരണമാകും. ഈ ശീലം തുടർന്നാൽ, അത് കാലക്രമേണ തൊണ്ടയിൽ കാൻസറിന് കാരണമാകും.
ഹൃദ്രോഗം
പുകയിലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാൽ ഹൃദയത്തിന് കൂടുതൽ സമ്മർദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോൾ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും.
പക്ഷാഘാത സാധ്യത
നിക്കോട്ടിൻ, കഫീൻ എന്നീ രണ്ട് ഘടകങ്ങളും രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദം വർധിപ്പിക്കും. ഇവ രണ്ടും ഒരുമിച്ച് ശരീരത്തിലെത്തുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates