സമകാലിക മലയാളം ഡെസ്ക്
ഒരു കാലത്ത് പഴഞ്ചനെന്ന് കരുതി മാറ്റിവച്ച വസ്ത്രങ്ങളും ആക്സസറികളും ഇപ്പോൾ വീണ്ടും ഫാഷൻ ലോകത്ത് ഇടംപിടിക്കുകയാണ്. 90കളിലെ ലളിതമായ സ്റ്റൈലുകൾ മുതൽ മുത്തുമാലയും ബ്രൂച്ചും വരെ 2026-ൽ പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.
ഫാഷൻ ലോകം ഇപ്പോൾ വ്യക്തിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഘട്ടത്തിലാണ്. ഒരേ തരത്തിലുള്ള മിനിമലിസ്റ്റ് ലുക്കിനേക്കാൾ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്ന ആക്സസറികളും പഴയകാല ശൈലികൾക്ക് പുതിയ വ്യാഖ്യാനം നൽകുന്ന വസ്ത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.
2026-ൽ പേൾസിന് പുതിയ രൂപങ്ങളും വലുപ്പങ്ങളും നൽകി ഫാഷൻ ലോകം വീണ്ടും സ്വീകരിക്കുകയാണ്. പരമ്പരാഗതമായ ഒറ്റവരി മാലയ്ക്കൊപ്പം വ്യത്യസ്ത ആകൃതിയിലുള്ള മുത്തുകളും പലതരം ചാർമുകളും ചേർത്തുള്ള നെക്ലേസിനും ശ്രദ്ധ ലഭിക്കുന്നുണ്ട്.
ഒരുകാലത്ത് മുതിർന്നവരുടെ വസ്ത്രങ്ങളിലെ മാത്രം ആക്സസറിയായി തോന്നിയിരുന്ന ബ്രൂച്ചുകൾ ഇപ്പോൾ വീണ്ടും ഫാഷൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. കോട്ടിലോ ബ്ലേസറിലോ മാത്രമല്ല, സ്കാർഫിലും ബാഗിലും വരെ ബ്രൂച്ച് ഉപയോഗിച്ചുള്ള സ്റ്റൈലിങ് പരീക്ഷിക്കുകയാണ് ഫാഷൻ പ്രേമികൾ.
അമ്മമാർ ഒരുകാലത്ത് തലയിൽ കെട്ടിയിരുന്ന ചെറിയ സ്കാർഫുകൾ വീണ്ടും ട്രെൻഡിൽ. സിൽക്ക് സ്കാർഫ് തലയിൽ കെട്ടുന്നതും കഴുത്തിൽ ചുറ്റുന്നതും ബാഗിൽ കെട്ടുന്നതുമൊക്കെ ഇപ്പോൾ സ്റ്റൈലിങ് രീതികളായി മാറുകയാണ്.
വലിയ ഫ്രെയിമുള്ള സൺഗ്ലാസുകളും ശക്തമായി തിരിച്ചുവരികയാണ്. പ്രത്യേകിച്ച് മുഖത്തിന്റെ വശങ്ങളും മൂടുന്ന വളഞ്ഞ ഫ്രെയിമുള്ള സൺഗ്ലാസുകൾ, ശ്രദ്ധേയമായ വലുപ്പവും ഡിസൈനുമുള്ള സൺഗ്ലാസുകൾ എന്നിവ 2026-ലെ പ്രധാന ആക്സസറി ട്രെന്റ്സിൽ ഇടം നേടിയിട്ടുണ്ട്.
ഒരു ചെറിയ ചെയിനും ചെറിയ കമ്മലും മാത്രം ധരിക്കുന്ന മിനിമൽ ലുക്കിനൊപ്പം ഇപ്പോൾ സ്റ്റേറ്റ്മെന്റ് ജ്വല്ലറിയ്ക്കും പ്രാധാന്യം കൂടുകയാണ്. വലിയ കമ്മലുകൾ, അടുക്കുകളായുള്ള അലങ്കാരങ്ങൾ, പഴയകാല ജ്വല്ലറി പോലെ തോന്നിക്കുന്ന പീസസ് എന്നിവയാണ് ശ്രദ്ധ നേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates