സമകാലിക മലയാളം ഡെസ്ക്
ഒരു കപ്പ് കാപ്പിയും താരങ്ങളുടെ തുറന്നുപറച്ചിലുകളും... ഇന്ത്യൻ സിനിമയിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റി ടോക്ക് ഷോകളിലൊന്നാണ് കോഫി വിത്ത് കരൺ. 2004ൽ ആരംഭിച്ച ഷോ 22 വർഷത്തിനും എട്ട് സീസണുകൾക്കും 161 എപ്പിസോഡുകൾക്കും ശേഷം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.
സിനിമാ വിശേഷങ്ങൾക്കൊപ്പം താരങ്ങളുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും ‘റാപ്പിഡ് ഫയർ’ മറുപടികളുമൊക്കെ ചർച്ചയാക്കിയ ഷോ നിരവധി വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. അവസാന സീസണിന് മുന്നോടിയായി ഏറ്റവും കൂടുതൽ ചർച്ചയായ എട്ട് നിമിഷങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
2010ൽ ദീപിക പദുക്കോണും സോനം കപൂറും ഒരുമിച്ചെത്തിയ എപ്പിസോഡ് ഏറെ വിവാദമായിരുന്നു. അന്ന് ദീപികയും രൺബീർ കപൂറും വേർപിരിഞ്ഞിരുന്നു. രൺബീർ ഏത് ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസഡറാകണമെന്ന ചോദ്യത്തിന് ദീപിക നൽകിയ മറുപടി ചർച്ചയായി.
രൺബീർ ഒരു കോണ്ടം ബ്രാൻഡ് എൻഡോഴ്സ് ചെയ്യണമെന്നായിരുന്നു ദീപികയുടെ പരിഹാസം. പരാമർശം തമാശയായിരുന്നുവെന്ന് ദീപിക വ്യക്തമാക്കി. എന്നാൽ സംഭവം മാധ്യമശ്രദ്ധ നേടി.
കോഫി വിത്ത് കരൺ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു കങ്കണ റണൗട്ടിന്റെ പരാമർശങ്ങൾ. കരൺ ജോഹറിനൊപ്പം സെയ്ഫ് അലി ഖാനുമൊത്ത് എത്തിയ കങ്കണ, കരൺ ജോഹറിനെ ‘നെപ്പോട്ടിസത്തിന്റെ പതാകവാഹകൻ’ എന്ന തരത്തിൽ വിമർശിച്ചു.
ബോളിവുഡിലെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ എപ്പിസോഡ് വലിയ രീതിയിൽ ശക്തി നൽകി. പിന്നീട് കരൺ ജോഹറും കങ്കണയും തമ്മിലുള്ള പൊതുവേദിയിലെ അഭിപ്രായവ്യത്യാസങ്ങളും തുടർന്നു.
ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും പങ്കെടുത്ത എപ്പിസോഡും വലിയ വിവാദത്തിന് കാരണമായി. സ്ത്രീകളെക്കുറിച്ചുള്ള ഹാർദിക്കിന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. വിവാദം രൂക്ഷമായതോടെ എപ്പിസോഡ് തന്നെ നീക്കം ചെയ്യുകയും ഇരുവർക്കുമെതിരെ ബിസിസിഐ നടപടിയെടുക്കുകയും ചെയ്തു.
രൺവീർ സിങ്ങും അനുഷ്ക ശർമയും ഒരുമിച്ചെത്തിയ പരിപാടിയിലെ പരാമർശവും വിവാദമായി. അനുഷ്കയോട് നടത്തിയ അപമര്യാദയായ പരാമർശത്തിന് പിന്നാലെ താരം തന്നെ രൺവീറിനോട് അത്തരത്തിൽ സംസാരിക്കരുതെന്ന് പ്രതികരിച്ചിരുന്നു.
കരീന കപൂറും സെയ്ഫ് അലി ഖാനും പങ്കെടുത്ത ഒരു പഴയ എപ്പിസോഡിൽ പ്രിയങ്ക ചോപ്രയുടെ ആക്സന്റിനെക്കുറിച്ചുള്ള കരീനയുടെ പരാമർശവും ശ്രദ്ധ നേടി. പിന്നീട് അതേ സീസണിൽ പ്രിയങ്ക പരിപാടിയിലെത്തിയപ്പോൾ കരീനയുടെ പരാമർശത്തിന് മറുപടി നൽകുകയും ചെയ്തു.
കോഫി വിത്ത് കരണിൽ സൽമാൻ ഖാന്റെ ആദ്യ അവതരണവും മറക്കാനാകാത്ത ഒന്നാണ്. വിവാഹവും പ്രണയബന്ധങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്കിടെ, താൻ വർജിനാണെന്നും ഒറ്റയ്ക്കാണ് ഉറങ്ങുന്നതെന്നും സൽമാൻ പറഞ്ഞതാണ് അന്ന് വലിയ വാർത്തയായത്.
റാപ്പിഡ് ഫയർ റൗണ്ടിലാണ് ഇമ്രാൻ ഹാഷ്മി ഐശ്വര്യ റായിയുടെ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് എന്താണെന്ന ചോദ്യത്തിന് പ്ലാസ്റ്റിക് എന്ന് മറുപടി നൽകിയത്. പരാമർശം വലിയ വിമർശനത്തിന് ഇടയാക്കി. പിന്നീട് ഇമ്രാൻ ഹാഷ്മി അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ആലിയ ഭട്ടിന്റെ ആദ്യ കോഫി വിത്ത് കരൺ എപ്പിസോഡും പിന്നീട് മീമുകളിലൂടെ പ്രശസ്തമായി. റാപ്പിഡ് ഫയറിനിടെ അന്നത്തെ ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര് ചോദിച്ചപ്പോൾ ആലിയ നൽകിയ തെറ്റായ മറുപടിയാണ് പിന്നീട് വർഷങ്ങളോളം താരത്തെ പിന്തുടർന്ന ഒരു ജനപ്രിയ മീമായി മാറിയത്.
താരങ്ങളുടെ സിനിമകൾക്ക് പ്രമോഷൻ നൽകുന്ന വേദി എന്നതിലുപരി അവരുടെ അഭിപ്രായങ്ങളും വ്യക്തിജീവിതവും ബന്ധങ്ങളും വിവാദ പ്രസ്താവനകളും വരെ ചർച്ച ചെയ്യപ്പെടുന്ന ഇടമായി കോഫി വിത്ത് കരൺ മാറുകയായിരുന്നു. പലപ്പോഴും ഒരു റാപ്പിഡ് ഫയർ മറുപടി പോലും അടുത്ത ദിവസത്തെ പ്രധാന വിനോദവാർത്തയായി മാറി.