ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഉണ്ടായ ചൈനയുടെ കറുപ്പ് യുദ്ധം, ലഹരി വിരുദ്ധ ദിനം ഉണ്ടായതിങ്ങനെ

അഞ്ജു സി വിനോദ്‌

മയക്കുമരുന്ന്, മദ്യം തുടങ്ങിയ ലഹരി ഉപയോഗം മനുഷ്യരില്‍ ശാരീരികമായും മാനസികമായും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയാമെങ്കിലും സമൂഹത്തില്‍ ഇന്നും ലഹരി ഉപയോഗം വ്യാപകമാണ്.

പിക്സെൽസ്

വർധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോ​ഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.

"ബ്രേക്ക് ദി സൈക്കിൾ. #StopOrganizedCrime", സംഘടിത കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്ന് കടത്തിന്റെയും സൈക്കിള്‍ തകർക്കുന്നതിനുള്ള കേന്ദ്രീകൃത ദീർഘകാല പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിന പ്രമേയം.

യുഎന്‍ഒഡിസി വേള്‍ഡ് ഡ്രഗ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ 292 ദശലക്ഷം ആളുകളാണ് ലഹരിക്കടിമയായിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് 20 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അം​ഗീകാരം നൽകുന്നത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടിയാണ് ഈ ദിനത്തിന്‍റെ ഉദ്ദേശം.

പതിനെട്ടാം നൂറ്റണ്ടു മുതൽ യൂറോപ്പ്യൻമാർ ചൈനയിൽ കോളനികളാരംഭിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചിരുന്ന കറുപ്പ് ചൈനയിലേക്ക് വ്യാപകമായി കടത്താൻ തുടങ്ങിയത് ചൈനീസ് സമൂഹത്തിൽ വലിയ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കി.

കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു ബ്രിട്ടീഷുകാരുടെ ഉദ്ദേശ്യം.

ഒന്നാം കറുപ്പ് യുദ്ധം (1839-1842) ബ്രിട്ടീഷ് സാമ്രാജ്യവും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ നടന്ന ഒരു യുദ്ധമായിരുന്നു. കറുപ്പ് വ്യാപാരവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ യുദ്ധത്തിലേക്ക് നയിച്ചത്.

1839-ല്‍ കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. അതിന്‍റെ സ്മരണയ്ക്കായാണ് ജൂൺ 26 ലഹരി വിരുദ്ധ ദിനമായി തിരഞ്ഞെടുത്തത്.