അഞ്ജു സി വിനോദ്
സോഷ്യൽമീഡിയയിൽ ഉണരുകയും ഉറങ്ങുകയും ജീവിക്കുകയും ചെയ്യുന്നവരാണ് ഇന്ന് കൂടുതലും. ലൈക്കുകളോ ഫോളോഫേഴ്സോ അപ്ഡേറ്റുകളോ ഇല്ലാതെ ഇവരുടെ ദിവസം പൂർത്തിയാകില്ല. മറുവശത്ത് മറ്റൊരു കൂട്ടരുണ്ട്. ഓൺലൈനിൽ ആക്ടീവല്ല, ഗ്രൂപ്പുകളിൽ നിശബ്ദമായിരിക്കുന്ന ഒരു കൂട്ടർ.
അവരുടെ ചിത്രങ്ങളോ വിശേഷങ്ങളോ സോഷ്യൽമീഡിയയിൽ കൊട്ടിയാഘോഷിക്കാറില്ല. വർത്തമാന കാലത്തെ ട്രെൻഡുകളെ കുറിച്ച് ബാധമില്ലാത്തതു കൊണ്ടല്ല, മനഃപൂർവം സോഷ്യൽമീഡിയയിൽ ഇൻആക്ടീവായി നിൽക്കുന്ന ഇക്കൂട്ടർക്ക് ചില സവിശേഷതകളുണ്ട്.
ഓഫ് ലൈൻ കണക്ഷൻസ്
ഓൺലൈനിൽ ആക്ടീവല്ലെങ്കിലും ഈക്കൂട്ടർക്ക് ഓഫ് ലൈനായി ആഴത്തിൽ കണക്ഷനുകൾ ഉണ്ടാകും. നൂറുകണക്കിന് ഫോളോവേഴ്സിന് അപ്ഡേറ്റുകൾ നൽകുന്നതിന് പകരം വിശ്വാസമുള്ള ഒരാളുമായായിരിക്കും കാര്യങ്ങൾ പങ്കുവയ്ക്കാൻ ഇവർ ഇഷ്ടപ്പെടുക.
സംസാരിക്കുന്നതിനെക്കാൾ നിരീക്ഷണം
സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതിലെല്ലാം ഇക്കൂട്ടർ കമന്റ് ചെയ്യാറില്ല, എന്ന് കരുതി അവർക്ക് അഭിപ്രായം ഇല്ലെന്നല്ല, കാര്യങ്ങൾ നിരീക്ഷിച്ച് അർഹിക്കുന്നിടത്ത് മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ.
അതിരുകൾ
സോഷ്യൽമീഡിയയിൽ ആക്ടീവ് അല്ലാത്ത ആളുകൾ, പൊതുജീവിതത്തിനും സ്വകാര്യജീവിതത്തിനും ഇടയിൽ ശക്തമായ അതിർവരമ്പുകൾ വരയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സന്തോഷവും വേദനാജനകമായ നിമിഷങ്ങളും അവർ സ്വകാര്യമായി സൂക്ഷിക്കുന്നു.
സംതൃപ്തർ
പാർട്ടി, പ്രമോഷൻ, യാത്രങ്ങൾ തുടങ്ങിയ നിരന്തരമായ അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്ന സോഷ്യൽമീഡിയയിൽ എപ്പോഴും പിന്നിലാണെന്ന തോന്നൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇക്കൂട്ടർ ആ കെണിയിൽ വീണുപോകില്ല. തങ്ങളുടെ ജീവിതം മറ്റുള്ളവരുമായി ഇവർ താരതമ്യം ചെയ്യാറില്ല.
ആത്മപരിശോധന
സോഷ്യൽ മീഡിയ അപ്ഡേറ്റുകളെക്കാൾ ജേണലിങ്, മെഡിറ്റേഷൻ, നടത്തം, ആഴത്തിലുള്ള സംഭാഷണങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് ഇക്കൂട്ടർ. ആത്മപരിശോധയ്ക്ക് പ്രാധാന്യം നൽകുന്നവരുമാണിവർ.
പ്രേക്ഷകരെ വേണ്ട
ജീവിച്ചിരിക്കുന്നതായി തോന്നാൻ അവർക്ക് ഒരു പ്രേക്ഷകന്റെ ആവശ്യമില്ല. മറ്റുള്ളവർ അംഗീകരിക്കുന്നതുകൊണ്ടല്ല, മറിച്ച് അവർ ഉദേശ്യത്തോടെ ജീവിക്കുന്നതുകൊണ്ടാണ് അവരുടെ ജീവിതം പൂർണമാകുന്നതെന്ന് അവർ വിശ്വസിക്കുന്നു.