നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ ഈ ചെടികൾ ഉണ്ടോ?

സമകാലിക മലയാളം ഡെസ്ക്

വീട്ടില്‍ നിരവധി ഔഷധചെടികള്‍ നമ്മള്‍ നട്ടുപിടിപ്പിക്കാറുണ്ട്. അതില്‍ മിക്കതും പാചകത്തിനും ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ അടുക്കള തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 7 ചെടികള്‍.

തുളസി

ഔഷധ​ഗുണങ്ങൾക്ക് പേര് കേട്ടതാണ് തുളസി. നമ്മുടെ അടുക്കള തോട്ടത്തിൽ നിർബന്ധമായും വേണ്ട ഒരു ചെടിയാണിത്. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം രോ​ഗപ്രതിരോധ ശേഷി കൂട്ടാനും അണുബാധയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

കറിവേപ്പില

നമ്മുടെ നാടൻ ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് കറിവേപ്പില. ഇവയുടെ ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ കറികൾക്ക് രുചി നൽകുക മാത്രമല്ല, മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വലിയ പരിപാലനമൊന്നുമില്ലാതെ തന്നെ അടുക്കള തോട്ടത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കറിവേപ്പില.

ഇഞ്ചി

വീട്ടിലേക്ക് ആവശ്യമായ ഇഞ്ചി നമ്മുടെ അടുക്കള തോട്ടത്തിൽ നിന്ന് തന്നെ കൃഷിചെയ്തെടുക്കാം. ഇഞ്ചി ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല, ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ്. അണുബാധ, ​ഗ്യാസ്, ദഹനക്കേട് തുടങ്ങിയവയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന പ്രധാന ചികിത്സയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം.

മഞ്ഞൾ

മഞ്ഞൾ ഭക്ഷണത്തിലെ ഒരു ചേരുവ എന്നിതിലപ്പുറം നിരവധി ഔഷധ ​ഗുണങ്ങളും അടങ്ങിയതാണ്. ഇവയിൽ അടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ സന്ധിവേദന കുറയ്ക്കാനും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പനിക്കൂർക്ക

കുട്ടികളുള്ള വീട്ടിൽ പനിക്കൂർക്ക നിർബന്ധമായും വളർത്തണമെന്ന് പറയാറുണ്ട്. അധികം പരിചരണം ആവശ്യമില്ലത്ത ചെടിയാണ് പനിക്കൂർക്ക. അതിനാൽ നട്ടുവളർത്താനും എളുപ്പമാണ്.

പുതിന

സലാഡ്, പാനീയങ്ങൾ തുടങ്ങിയവയുടെ രുചി വർധിപ്പിക്കാൻ പുതിന ബെസ്റ്റാണ്. രുചിക്ക് മാത്രമല്ല, പുതിന ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും തലവേദന കുറയ്ക്കാനും സഹായിക്കും.

മല്ലിയില

സ്ഥലപരിമിധി ഉള്ള വീടുകളിലും മല്ലിച്ചെടി വളർത്താൻ എളുപ്പമാണ്. ഇവയുടെ ഇലയും വിത്തുകളും ഭക്ഷണത്തിൽ ഉപയോ​ഗിക്കാം. ഇത് പ്രതിരോധ ശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.