899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

സമകാലിക മലയാളം ഡെസ്ക്

വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പോളിസിയുമായി തപാല്‍ വകുപ്പ്

തപാല്‍ വകുപ്പിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഉപഭോക്താക്കള്‍ക്കാണ് ഈ നേട്ടം ലഭിക്കുക. അക്കൗണ്ട് ഇല്ലെങ്കില്‍ 200 രൂപ അധികമായി നല്‍കി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ഐപിപിബിയുമായി ടൈ-അപ്പ് ഉള്ള ആശുപത്രികളിലാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

നാലുതരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തിഗത പ്ലാന്‍ ആണ്. ഭാര്യക്കും ഭര്‍ത്താവിനുംകൂടി ഒരുമിച്ചാണെങ്കില്‍ 1,399 രൂപയും അവര്‍ക്കൊപ്പം ഒരു കുട്ടിക്കും കൂടി 1,799 രൂപയും ഭാര്യക്കും ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമാണെങ്കില്‍ 2,199 രൂപയുമാണ് നിരക്ക്.

18 മുതല്‍ 60 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി. 60 വയസ്സിനു മുന്‍പ് പോളിസി എടുത്താല്‍ തുടര്‍ന്നുപോകാം. കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പദ്ധതിയില്‍ ചേരാം. പോളിസി കാലാവധി ഒരു വര്‍ഷമാണ്.

മറ്റേതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം.നിലവില്‍ അസുഖമുള്ളവര്‍ക്ക് ഇതില്‍ ചേരാന്‍ സാധിക്കുന്നതല്ല. നിബന്ധനകള്‍ക്കു വിധേയമായി ചെറിയ അസുഖങ്ങള്‍ പരിഗണിക്കും.

പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുന്ന ഈ പ്ലാനില്‍ ആദ്യ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട്. പോസ്റ്റ്മാന്‍ വഴിയാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates