സമകാലിക മലയാളം ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട പല വസ്തുക്കളും സ്വത്തുക്കളും മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ലഭിച്ചിട്ടുണ്ടെങ്കിലും, അമ്മ ഡയാന രാജകുമാരിയുടെ ബാല്യകാല വീട് അവർക്ക് സ്വന്തമാകില്ല.
ഡയാനയുടെ ബാല്യകാല ഓർമകളും അന്ത്യവിശ്രമസ്ഥലവും ഉൾക്കൊള്ളുന്ന ആൽത്രോപ്പ് എസ്റ്റേറ്റ് മറ്റൊരു കുടുംബാംഗത്തിനാണ് കൈമാറപ്പെടുക.
ഇംഗ്ലണ്ടിലെ നോർത്ത് ഹാംപ്റ്റൺഷയറിലാണ് വിശാലമായ ആൽത്രോപ്പ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. 1508 മുതൽ അഞ്ച് നൂറ്റാണ്ടിലേറെയായി ഇത് സ്പെൻസർ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. ഏകദേശം 13,000 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ ചരിത്രപ്രസിദ്ധമായ വീടും വിശാലമായ പരിസരവും ഉൾപ്പെടുന്നു.
ഡയാനയ്ക്ക് ആൽതോർപുമായി വളരെ അടുത്ത ബന്ധമായിരുന്നു. പിതാവ് ജോൺ സ്പെൻസർ എട്ടാമത്തെ എർൾ സ്പെൻസറായി എസ്റ്റേറ്റ് ഏറ്റെടുത്തതിനെ തുടർന്ന്, 14-ാം വയസിലാണ് ഡയാന ആൽതോർപിലേക്ക് താമസം മാറിയത്. പിന്നീട് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓർമകളുമായി ഈ സ്ഥലം ബന്ധപ്പെട്ടിരുന്നു.
1997 ഓഗസ്റ്റ് 31ന് പാരീസിലുണ്ടായ വാഹനാപകടത്തിൽ ഡയാന മരിച്ചതിന് പിന്നാലെ, സഹോദരൻ ചാൾസ് സ്പെൻസറാണ് ആൽതോർപ് എസ്റ്റേറ്റിൽ തന്നെ അവളെ സംസ്കരിക്കാൻ തീരുമാനിച്ചത്. എസ്റ്റേറ്റിനുള്ളിലെ ഓവൽ ലേക്കിനു മധ്യത്തിലുള്ള ചെറിയ ദ്വീപിലാണ് ഡയാനയുടെ ശവകുടീരം.
ജനത്തിരക്കിൽ നിന്ന് അകന്ന് സ്വകാര്യമായി കുടുംബാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനാകുന്ന സ്ഥലമെന്ന നിലയിലാണ് ഇത് തിരഞ്ഞെടുത്തത്.
ഡയാനയുടെ മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ആൽതോർപ് അവകാശമായി ലഭിക്കാത്തതിന് കാരണം ആൽതോർപ് ഡയാനയുടെ സ്വകാര്യ സ്വത്തായിരുന്നില്ല എന്നതായിരുന്നു.
സ്പെൻസർ കുടുംബത്തിന്റെ പാരമ്പര്യ എസ്റ്റേറ്റാണ്. അതിനാൽ അവകാശ കൈമാറ്റം സ്പെൻസർ കുടുംബത്തിലെ പാരമ്പര്യ അവകാശക്രമമനുസരിച്ചാണ് നടക്കുന്നത്.
ഇപ്പോൾ എസ്റ്റേറ്റിന്റെ ഉടമ ഡയാനയുടെ ഇളയ സഹോദരനായ ചാൾസ് സ്പെൻസർ, ഒൻപതാമത്തെ എർൾ സ്പെൻസറാണ്. അദ്ദേഹത്തിന് ശേഷം മകൻ ലൂയിസ് സ്പെൻസർ, വിസ്കൗണ്ട് ആൽതോർപ്, എസ്റ്റേറ്റ് ഏറ്റെടുക്കുമെന്നാണ് നിലവിലെ അവകാശക്രമം.
ലൂയിസിന് മൂന്ന് മൂത്ത സഹോദരിമാരുണ്ട്. ലേഡി കിറ്റി സ്പെൻസർ, ലേഡി എലിസ സ്പെൻസർ, ലേഡി അമേലിയ സ്പെൻസർ. എന്നിട്ടും എസ്റ്റേറ്റിന്റെ അടുത്ത അവകാശിയായി ലൂയിസിനെയാണ് കണക്കാക്കുന്നത്.
സ്പെൻസർ കുടുംബത്തിന്റെ പാരമ്പര്യ അവകാശക്രമത്തിൽ എർൾഡം പോലുള്ള പദവികളും അതുമായി ബന്ധപ്പെട്ട എസ്റ്റേറ്റും ചരിത്രപരമായി പുരുഷ അവകാശിയിലൂടെയാണ് കൈമാറിയിരുന്നത്. അതുകൊണ്ടാണ് ലൂയിസിന് മുൻഗണന ലഭിക്കുന്നത്.
ഡയാനയുടെ ഓർമകളുറങ്ങുന്ന ആൽതോർപ് ഹൗസും പരിസരവും പ്രത്യേക കാലയളവിൽ മാത്രമാണ് പൊതുജനങ്ങൾക്കായി തുറന്നിരുന്നത്. നിലവിൽ ആൽത്രോപ്പ് എസ്റ്റേറ്റിൽ 2027 വരെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates