മുട്ടയെക്കാൾ പ്രോട്ടീൻ തരും! ഈ പച്ചക്കറികൾ ദിവസവും കഴിക്കണം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ എല്ലാ കോശങ്ങളുടെയും അവശ്യ ഘടകമാണ് പ്രോട്ടീന്‍. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്.

പ്രോട്ടീന്‍ എന്നാല്‍ മുട്ട മാത്രമെന്ന് ചിന്തിക്കരുത്. ചില പച്ചക്കറികൾക്ക് പ്രോട്ടീനിന്റെ കാര്യത്തിൽ മുട്ടയെ മറികടക്കാൻ കഴിയും. പ്രോട്ടീന്‍ സമ്പുഷ്ടമായ പച്ചക്കറികള്‍ ഇതാ:

ചീര

നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യും.

മുരിങ്ങയിലയും മുരിങ്ങക്കായയും

നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്.

ബ്രോക്കോളി

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ബ്രോക്കോളി നിങ്ങളുടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയിൽ ഏകദേശം 5.7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.

കൂണുകൾ

കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വിറ്റാമിനുകൾ, സെലിനിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് കൂണുകള്‍. അവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളവയുമാണ്.

പയർ

പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. ഇവയ്ക്ക് കൊഴുപ്പും കൊളസ്‌ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും കടല, പയര്‍ വര്‍ഗങ്ങളില്‍ ധാരാളമായുണ്ട്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

കോളിഫ്ലവര്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവര്‍. പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിനുകള്‍ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.