ബീറ്റ്റൂട്ട് പച്ചയ്ക്കോ വേവിക്കുന്നതോ ​കൂടുതൽ ആരോ​ഗ്യകരം

അഞ്ജു സി വിനോദ്‌

ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാനും രക്തയോട്ടം മുതൽ രക്തസമ്മർദം വരെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കലോറി കുറഞ്ഞതും നാരുകള്‍ ധാരാളവുമടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ചേര്‍ക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മസംരക്ഷണമത്തിനും മികച്ചതാണ്.

ഇത്രമാത്രം പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്റൂട്ട് എന്നാല്‍ എങ്ങനെ ഡയറ്റില്‍ ചേര്‍ക്കണമെന്ന സംശയം പലരിലും ഉണ്ടാകാം. ബീറ്റ്റൂട്ട് വേവിച്ച് കഴിക്കുന്നവരുണ്ട്, അല്ലാതെ പച്ചയ്ക്ക് സലാഡ് പോലുള്ളവയില്‍ ചേര്‍ത്തു കഴിക്കുന്നവരുമുണ്ട്. ഇതില്‍ ഏതാണ് കൂടുതല്‍ ആരോഗ്യപ്രദമെന്ന പരിശോധിക്കാം.

100 ഗ്രാം അസംസ്കൃത ബീറ്റ്റൂട്ടിൽ 43 കലോറി, 9.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.8 ഗ്രാം ഫൈബർ, 6.8 ഗ്രാം പഞ്ചസാര, 1.6 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണിത്, കൂടാതെ കോശ വളർച്ചയെയും ഹൃദയാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഫോളേറ്റും അസംസ്കൃത ബീറ്റ്റൂട്ടിൽ കൂടുതലാണ്. മാത്രമല്ല, ഇതില്‍ അടങ്ങിയ ബീറ്റാലെയ്‌നുകൾ വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

അസംസ്കൃത ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തസമ്മർദം കുറയ്ക്കാനും സ്റ്റാമിന വർധിപ്പിക്കാനും സഹായിക്കും, ഇത് കായികതാരങ്ങൾക്ക് ഗുണകരമാണ്. കൂടാതെ ഇതില്‍ വിറ്റാമിന്‍ സിയുടെ അളവു കൂടുതലായിരിക്കും ഇത് പ്രതിരോധി ശേഷി മെച്ചപ്പെടാനും ചര്‍മസംരക്ഷണത്തിനും സഹായിക്കും.

100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 10.0 ഗ്രാം കാർബോഹൈഡ്രേറ്റ്, 7.0 പഞ്ചസാര, 2.0 ഗ്രാം പഞ്ചസാര, 1.6 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

വേവിക്കുമ്പോള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയ ചില ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കുറയുന്നു. എന്നാല്‍ ഇതില്‍ അടങ്ങിയ നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വേവിച്ച ബീറ്റ്റൂട്ടിനെക്കാള്‍ അസംസ്കൃത ബീറ്റ്റൂട്ട് കൂടുതൽ പോഷകങ്ങൾ നിലനിർത്തുന്നുവെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ബീറ്റ്റൂട്ടിന്‍റെ പോഷകമൂല്യം അധികം പാഴാകാതിരിക്കാന്‍ അമിതമായോ ഒരുപാട് വെള്ളം ചേര്‍ക്കാതെയോ വേവിച്ചെടുക്കാം.