കാറുകള്‍ക്ക് തീ പിടിക്കാന്‍ എന്താണ് കാരണം?; അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യണം?

സമകാലിക മലയാളം ഡെസ്ക്

തമ്മില്‍ ഉരയുന്ന നിരവധി ഘടകങ്ങള്‍, പെട്രോളോ ഡീസലോ പോലുള്ള ദ്രാവകങ്ങള്‍, ബാറ്ററി, ഇലക്ട്രിക് വയറിങ് എന്നിവയെല്ലാം ഉള്ളതിനാല്‍ തന്നെ കാറിന് തീപിടിക്കാനും പടരാനുമുള്ള സാധ്യത കൂടുതലാണ്

ഇന്ധനം ചോരുന്നുണ്ടെങ്കിലും കാര്‍ എവിടെയെങ്കിലും ഇടിച്ചാലും ടയര്‍ പൊട്ടിയാലും കാറിന് തീപിടിക്കാന്‍ സാധ്യതയുണ്ട്

ഇലക്ട്രിക് സര്‍ക്യൂട്ടുകളില്‍ ഉണ്ടാകുന്ന തകരാര്‍, ബാറ്ററിയില്‍ നിന്ന് ഹൈഡ്രജന്‍ വാതകം പുറത്തുവന്ന് വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് സ്പാര്‍ക് ഉണ്ടാകുന്നത്, എന്‍ജിന്‍ അമിതമായി ചൂട് പിടിക്കുന്നത്, കാറിന്റെ രൂപകല്‍പ്പനയിലെ പിഴവ് എന്നി കാരണങ്ങളാലും വാഹനത്തിന് തീ പിടിക്കാനുള്ള സാധ്യതയുണ്ട്.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചാല്‍ പേടിക്കാതെ തന്നെ വാഹനം നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തീ പിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ പമ്പിന്റെയും മറ്റും സമീപത്ത് വാഹനം നിര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം

വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം വേഗം തന്നെ ഇഗ്‌നിഷന്‍ സ്വിച്ച് ഓഫ് ചെയ്യുക. ഉടന്‍ തന്നെ കാറില്‍ നിന്ന് ഇറങ്ങുക. സുരക്ഷിതമായി പുറത്തിറങ്ങാന്‍ മറ്റ് യാത്രക്കാരെ സഹായിക്കുകയും ചെയ്യണം. ഇഗ്‌നിഷന്‍ ഓഫ് ചെയ്യുന്നതിന് മുമ്പ് എല്ലാ ഡോറുകളും വിന്‍ഡോകളും അണ്‍ലോക്ക് ചെയ്തിട്ടുണ്ട് എന്നും ഉറപ്പാക്കണം.

കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ അതിനടുത്ത് നിന്നും മാറുക. കാറില്‍ തീപിടിക്കുന്ന ദ്രാവകങ്ങളായ പെട്രോളോ ഡീസലോ ഉണ്ടായിരിക്കും എന്നതിനാല്‍ തന്നെ കാര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. എതിരെ വരുന്ന വാഹനങ്ങളെയും മറ്റും വാഹനത്തിന് തീ പിടിച്ചുവെന്ന കാര്യം അറിയിക്കേണ്ടതും പ്രധാനമാണ്.

പൊട്ടിത്തെറിക്കാന്‍ പോകുന്ന കാറിന്റെ തീ അണയ്ക്കാന്‍ അടുത്ത് ചെല്ലുന്നത് വലിയ അപകടം ഉണ്ടാക്കും. കാറിന് തീപിടിക്കുമ്പോള്‍ തീ കെടുത്താനുള്ള ശ്രമത്തില്‍ ബോണറ്റ്/ബൂട്ട് തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്‍ജിന്‍ ബേയിലോ കാറിന്റെ അടിയിലോ ഉള്ള തീ ബോണറ്റ് തുറക്കുമ്പോള്‍ ആളിപ്പടരുകയും പൊള്ളലേല്‍ക്കുകയും ചെയ്യും.

വാഹനത്തിന്റെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ അഗ്‌നിശമന സേനയെയും ട്രാഫിക് പൊലീസിനെയും ഇക്കാര്യം അറിയിക്കുക. തീ ചെറുതായിട്ടാണ് ഉണ്ടായത് എങ്കില്‍ പോലും അത് അണച്ച് കഴിഞ്ഞാല്‍ ഒരിക്കലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെട്ട് വാഹനം അവിടെ നിന്നും മാറ്റുകയാണ് വേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates