എന്നും ഒരേ സമയം എഴുന്നേൽക്കുന്നവർക്കുമുണ്ട്, ചില സ്വഭാവ സവിശേഷതകള്‍!

അഞ്ജു സി വിനോദ്‌

അലാറത്തിന്റെ സഹായമില്ലാതെ ഉറക്കം ഉണരാന്‍ ബുദ്ധിമുട്ടുള്ള ആളുകളാണ് മിക്കവാറും. എന്നാല്‍ അലാറമില്ലാതെ ദിവസവും കൃത്യ സമയത്ത് എഴുന്നേല്‍ക്കുന്നവരുമുണ്ട്. ഇത് പ്രത്യേക കഴിവൊന്നുമല്ല, ശീലമാണ് പ്രധാനം.

ഇങ്ങനെ രാവിലെ കൃത്യമായി എഴുന്നേല്‍ക്കുന്നവര്‍ക്ക് ചില സ്വഭാവവിശേഷങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മനഃശാസ്ത്രത്തില്‍ പറയുന്നു.

അച്ചടക്കം

ദിവസവും കൃത്യ സമയത്ത് ഉണരുന്നതിനാല്‍ നിങ്ങളുടെ സര്‍ക്കാഡിയല്‍ റിഥം അത്തരത്തില്‍ സ്വയം ക്രമീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കശീലങ്ങള്‍ക്ക് പുറമെ, ദൈംദിന ജീവിതത്തിലും ഭക്ഷണരീതിയിലും പ്രകടമായിരിക്കും. ഇതെല്ലാം നിങ്ങളെ അച്ചടക്കമുള്ള സ്വഭാവക്കാരക്കും. മാത്രമല്ല, സ്വയം നിയന്ത്രണം ഉള്ളവാരുമായിരിക്കും.

ഉല്‍പാദനക്ഷമത

നിങ്ങള്‍ ഒരു മോര്‍ണിങ് പേര്‍സണ്‍ ആണോ? അത്തരക്കാര്‍ക്ക് അലാറത്തിന്‍റെ ആവശ്യമുണ്ടാകില്ല. നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ സാധാരണയായി ശുഭാപ്തി വിശ്വാസമുള്ളവരും പ്രവര്‍ത്തനമികവുള്ളവരുമായിരിക്കും. കൂടാതല്‍ ഉല്‍പാദന ക്ഷമതയുള്ളവരുമായിരിക്കും.

പ്ലാനിങ്

കൃത്യ സമയത്ത് എഴുന്നേല്‍ക്കുന്നവര്‍ സ്ഥിരതയുള്ളവരായതുകൊണ്ട് തന്നെ കൃത്യമായ ദിനചര്യയും പ്ലാനിങ്ങും ഉള്ളവരായിക്കും. പ്ലാന്‍ ചെയ്യുമ്പോള്‍ വലിയൊരളവില്‍ വൈജ്ഞാനിക പ്രവര്‍ത്തനം ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് തലച്ചോറിന്റെ മുന്‍ഭാഗത്ത്. തീരുമാനമെടുക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ഉത്തരവാദിയായ ഭാഗമാണിത്.

ക്ഷമ

അലാറമില്ലാതെ ദിവസവും കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ കഴിയുന്നവര്‍ കൂടുതല്‍ ക്ഷമയുള്ളവരായിരിക്കുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്. ഒരു പ്രത്യേക സമയത്ത് സ്വാഭാവികമായും ഉണരാന്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ പരിശീലപ്പിച്ചിട്ടുണ്ട്. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഇതിന് ക്ഷമയും പരിശ്രമവും ആവശ്യമാണ്.

ശാന്തത

പുലര്‍ച്ചെ സ്വാഭാവികമായി എഴുന്നേറ്റു ശീലിക്കുന്നവര്‍ക്ക് ആ സമയത്തിന്റെ ശാന്തത മനസിലാവുകയും അത് ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ഥിരമായി ഒരേ സമയം ഉണരുന്നവര്‍ക്ക് മാനസിക സമ്മര്‍ദം കുറവായിരിക്കുമെന്ന് മനഃശാസ്ത്രത്തില്‍ പറയുന്നു. ഇത് അവരുടെ ജീവിതത്തില്‍ നിയന്ത്രണബോധവും സ്ഥിരതയും നല്‍കുന്നു.

സാമൂഹിക ഇടപെടല്‍

രാവിലെ കൃത്യമായി ഉണരുകയെന്നത്, നിങ്ങള്‍ പകല്‍ സമയത്ത് സജീവമായിരിക്കുകയും രാത്രിയില്‍ ഉറങ്ങുകയും ചെയ്യുന്നുവെന്നാണ് അര്‍ഥം. മിക്ക സാമൂഹിക ഷെഡ്യൂളുകളുമായി പൊരുത്തപ്പെടുന്നു. ഇത് സ്വാഭാവികമായും കൂടുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് അനുയോജ്യമാണ്.