അഞ്ജു
ശരീരഭാരം കുറയ്ക്കാനുള്ള നിരവധി പരീക്ഷണങ്ങൾക്കൊടുവിൽ 46-ാം വയസിലാണ് ആരോഗ്യത്തെ കുറിച്ചും ദീർഘകാല ക്ഷേമത്തെ കുറിച്ചുമുള്ള ശരിയായ കാഴ്ചപ്പാട് ഉണ്ടായതെന്ന് നടി സമീറ റെഡ്ഡി.
ഫിറ്റ്നസിനോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറി. സമീകൃത പോഷകാഹാരം, ശരീര ബലം വർധിപ്പിക്കുക, സുസ്ഥിര ആരോഗ്യ ശീലങ്ങൾ എന്നിവയെ ഊന്നിക്കൊണ്ടാണ് പുതിയ ദിനചര്യ ക്രമീകരിച്ചിരിക്കുന്നത്.
2024 ഡിസംബർ 14 ന് തന്റെ പിറന്നാൾ ദിനം മുതലാണ് ഫിറ്റ്നസിലേക്ക് തിരിച്ചു വരണമെന്ന തീരുമാനം എടുത്തത്. എന്നാല്‍ 2025 ജനുവരി ഒന്ന് മുതല്‍ അതിനുവേണ്ടയുള്ള ദിനചര്യം ആരംഭിച്ചു.
മെലിഞ്ഞിരിക്കുന്നതിന് പകരം കരുത്തുള്ളവളാകുക
ശരീരഭാരം കുറയ്ക്കുക എന്നതല്ല തന്റെ ലക്ഷ്യം, ആരോഗ്യത്തോടെയിരിക്കുക എന്നതാണ് പ്രധാനം. അതിന് ശരീരത്തിന് ബലവും കരുത്തും വർധിപ്പിക്കുന്ന തരത്തിലേക്ക് ദിനചര്യ മാറ്റി. ദീർഘകാലാടിസ്ഥാനത്തിൽ ഫിറ്റ്നസ് ലെവലുകൾ നിയന്ത്രിക്കുക, ശക്തനും ആത്മവിശ്വാസവും ഉണ്ടാക്കുക എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണനയെന്ന് സമീറ പറയുന്നു.
ബൈ ബൈ 'യോ-യോ' ഡയറ്റിങ്
ഇക്കാലമത്രയും താൻ യോ-യോ ഡയറ്റിങ് ആയിരുന്നു ചെയ്തിരുന്നത്. അതായത് കർശന ഡയറ്റിങ്ങിലൂടെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുക. എന്നാൽ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം വർധിക്കുകയും ചെയ്തിരുന്നു. ശരീരഭാരം സുസ്ഥിരമല്ലാത്തത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മനസിലാക്കി.
കർശന ഡയറ്റിങ് വേണ്ട
കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് പോലുള്ള കടുത്ത നിയന്ത്രണങ്ങളൊന്നുമില്ല. സമീകൃതാഹാരം തിരഞ്ഞെടുക്കുകയും മിതത്വ പാലിക്കുകയും ചെയ്യുന്നതിനാണ് മുൻഗണന നൽകുന്നത്. വ്യായാമത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ഭക്ഷണക്രമം ക്രമീകരിക്കുന്നത്.
നമ്മൾ തന്നെ നമ്മുടെ ചിയർ ലീഡർഴ്സ്
മറ്റുള്ളവരുടെ പിന്തുണ ലഭിക്കുമെങ്കിലും സ്വയം പിന്തുണയില്ലാതെ ഒന്നും നടക്കില്ല. സ്വന്തം ആരോഗ്യം അവരവരുടെ ഉത്തരവാദിത്വമായിരിക്കണം. യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ സ്ഥാപിക്കാനും സ്ഥിരത പുലർത്താനും ഇത് സഹായിക്കും.