അർബുദത്തിന് കാരണമാകുന്ന 7 ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

റെഡ് മീറ്റ്

ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയ ചുവന്ന മാംസം വൻകുടൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. ദിവസവും 100 ​ഗ്രാം വീതം റെഡ് മീറ്റ് കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത 12 ശതമാനം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവയിൽ ഹീം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് എൻ-നൈട്രോസോ-സംയുക്തങ്ങളുടെ (എൻഒസി) ഉത്പാദനത്തിന് കാരണമാകും. എൻഒസികൾ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളാണ്.

ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈകൾ, മീൻ വറുത്തത്, ഡോനട്ട്‌സ് പോലെ എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കൂട്ടുന്നു. അക്രിലമൈഡ് എന്ന പദാർത്ഥം ഭക്ഷണങ്ങൾ ആഴത്തിൽ വറുക്കുമ്പോൾ വലിയ അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നു. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഉരുളക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾക്ക്. അക്രിലമൈഡ് മനുഷ്യരിൽ കാൻസർ സാധ്യത കൂട്ടും.

സംസ്കരിച്ച മാംസങ്ങൾ

സംസ്കരിച്ച മാംസങ്ങളിൽ നൈട്രൈറ്റുകൾ അല്ലെങ്കിൽ നൈട്രേറ്റുകൾ പോലുള്ള പ്രിസർവേറ്റീവുകൾ ചേർക്കുന്നു. എൻ-നൈട്രോസോ സംയുക്തങ്ങൾ (എൻഒസി), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) തുടങ്ങിയ കാർസിനോജെനിക് രാസവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാകും. സംസ്കരിച്ച മാംസം സ്ഥിരമായി കഴിക്കുന്നത് വയറ്റിലെ കാൻസർ, വൻകുടൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.

മദ്യം

അമിതവും സ്ഥിരവുമായ മദ്യപാനം കരൾ കാൻസർ, വൻകുടൽ കാൻസർ, തൊണ്ടയിലെ കാൻസർ, അന്നനാളത്തിലെ കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. മദ്യം അസറ്റാൽഡിഹൈഡ് എന്ന രാസ സംയുക്തമായി വിഘടിക്കുന്നു. അസെറ്റാൽഡിഹൈഡ് ഡിഎൻഎയെ നശിപ്പിക്കാൻ സാധ്യതയുള്ള അർബുദകാരിയും വിഷരാസവുമാണ്.

എനർജി ഡ്രിങ്കുകൾ

സോഡകൾ പോലുള്ള പാനീയങ്ങളിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. വൻകുടൽ കാൻസർ, കരൾ അർബുദം, മൾട്ടിപ്പിൾ മൈലോമ, അന്നനാള കാൻസർ, എൻഡോമെട്രിയൽ കാൻസർ, സ്തനാർബുദം എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന അപകട ഘടകമാണ് അമിതവണ്ണം.

ഉണക്ക മീൻ

ഉണക്കമീൻ പ്രിസെർവ് ചെയ്യുന്ന പ്രക്രിയയിൽ നൈട്രോസാമൈൻ, എൻ-നൈട്രോസോഡിമെത്തിലാമൈൻ എന്നീ സംയുക്തങ്ങൾ ഉണ്ടാവാൻ കാരണമാകുന്നുണ്ട്. ഇവ നാസോഫറിംഗൽ, ആമാശയ കാൻസർ സാധ്യത വർധിപ്പിക്കും.

ടിന്നിലടച്ച ഭക്ഷണങ്ങൾ

ടിന്നിലടച്ച ഭക്ഷണങ്ങളിൽ ബിസ്ഫെനോൾ എ (ബിപിഎ) എന്ന പതാർത്ഥം അടങ്ങാൻ സാധ്യതയുണ്ട്. ഭക്ഷണം സൂക്ഷിക്കുന്ന ടിൻ ലൈൻ ചെയ്യാനാണ് ഈ രാസവസ്തു ഉപയോ​ഗിക്കുന്നത്. ഇത് സ്തനാർബുദത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കും. ഈസ്ട്രജൻ ഹോർമോണിൻ്റെ അതേ ഘടനയാണ് ബിപിഎയ്ക്കുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates