സമകാലിക മലയാളം ഡെസ്ക്
ടോയ്ലറ്റ് ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യുമ്പോൾ സീറ്റ് താഴ്ത്തണോ, ലിഡ് അടയ്ക്കണോ എന്ന കാര്യത്തിൽ പലർക്കും ഇപ്പോഴും സംശയമുണ്ട്. എന്നാൽ ഫ്ലഷ് ചെയ്യുമ്പോൾ വെള്ളത്തുള്ളികളും അതിസൂക്ഷ്മ കണങ്ങളും വായുവിലേക്ക് പടരാമെന്നാണ് പഠനങ്ങൾ പറയുന്നത്.
ടോയ്ലറ്റ് ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത് ഇറങ്ങുക എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ ഫ്ലഷ് ചെയ്യുമ്പോൾ ടോയ്ലറ്റ് ബൗളിനുള്ളിലെ വെള്ളവും കണങ്ങളും വായുവിലേക്ക് ഉയരാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ‘ടോയ്‌ലറ്റ് പ്ലൂം’ എന്നാണ് വിളിക്കുന്നത്.
ഫ്ലഷ് ചെയ്യുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത്? ശക്തമായി വെള്ളം ഒഴുകുമ്പോൾ ടോയ്ലറ്റ് ബൗളിൽ ഒരു ടർബുലന്റ് ഫ്ലോ ( Turbulent flow) ഉണ്ടാകുന്നു. ഇതിന്റെ ഭാഗമായി വളരെ ചെറിയ ജലത്തുള്ളികളും എയറോസോൾ (Aerosol) കണങ്ങളും വായുവിലേക്ക് ഉയരാം.
ഒരു പരീക്ഷണത്തിൽ ടോയ്ലറ്റ് ഫ്ലഷ് ചെയ്തതിന് പിന്നാലെ എയറോസോൾ പ്ലൂം (Aerosol plume) ഏകദേശം 1.5 മീറ്റർ വരെ ഉയരുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ വ്യാപിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
ലിഡ് ഉണ്ടെങ്കിൽ അത് അടച്ച ശേഷം ഫ്ലഷ് ചെയ്യുന്നത് നല്ലൊരു മുൻകരുതലാണ്. ചില പഠനങ്ങളിൽ ലിഡ് ഉപയോഗിക്കുന്നത് ഫ്ലഷ് മൂലമുണ്ടാകുന്ന കണങ്ങളുടെ വ്യാപനം കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരു നിയന്ത്രിത പഠനത്തിൽ സപ്രഷൻ ലിഡ് ഉപയോഗിച്ചപ്പോൾ ആദ്യ 90 സെക്കൻഡിലെ കണികാ സാന്ദ്രത ഗണ്യമായി കുറഞ്ഞിരുന്നു.
ലിഡും സീറ്റും തമ്മിലുള്ള ചെറിയ വിടവുകളിലൂടെ ചില എയറോസോൾ കണങ്ങൾ പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് “ലിഡ് അടച്ചു, ഇനി ബാക്ടീരിയയോ വൈറസുകളോ പുറത്തേക്ക് വരില്ല” എന്ന് കരുതരുത്.
2023ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ടോയ്ലറ്റ് ലിഡ് അടച്ചതോ തുറന്നതോ ബാത്ത്റൂം സർഫസിലുള്ള വൈറൽ കണ്ടാമിനേഷനിൽ കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല. അതായത് ലിഡ് അടയ്ക്കുന്നത് മാത്രം മതിയാവില്ല.
ടോയ്ലറ്റിന് വളരെ അടുത്തായി ടൂത്ത് ബ്രഷ്, മുഖം തുടയ്ക്കാനുള്ള ടവൽ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയവ തുറന്നുവയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചെറിയ ബാത്ത്റൂം ആണെങ്കിൽ, വായുസഞ്ചാരം കുറവാണെങ്കിൽ, ടോയ്ലറ്റിന് ചുറ്റുമുള്ള പ്രതലങ്ങൾ പതിവായി വൃത്തിയാക്കുന്നത് പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates