സമകാലിക മലയാളം ഡെസ്ക്
എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചു വരുത്തുന്നവരുണ്ട്. വണ്ണം കുറയ്ക്കുന്നവർ പൊതുവേ ചെയ്തു കൂട്ടുന്ന 10 അബദ്ധങ്ങൾ അറിയാം.
ഭക്ഷണം കുറച്ചാൽ വണ്ണം കുറയും
ഭക്ഷണം ഒന്നോ രണ്ടോ നേരമാക്കി ചുരുക്കിയാൽ ശരീരഭാരം കുറയുമെന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. ഇത് അമിത വിശപ്പിനും പോഷകക്കുറവിനും കാരണമാകും. ക്ഷീണം, തളർച്ച തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കും.
മുട്ട കഴിച്ചാൽ വണ്ണം കൂടും
മുട്ട കഴിച്ചാൽ ശരീരഭാരം കൂടുമെന്നത് തെറ്റായ ധാരണയാണ്. മുട്ട പോഷകസമ്പുഷ്ടമാണ്. ശരീരത്തിനാവശ്യമായ എസൻഷ്യൽ അമിനോ ആസിഡ് ശരിയായ അനുപാതത്തിൽ ഈ പ്രോട്ടീനിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ഉപാപചയനിരക്ക് കൂട്ടുകയും വിശപ്പു നിയന്ത്രിക്കുകയും വയറുനിറഞ്ഞെന്ന ഫീലിങ് ഉണ്ടാക്കുകയും ചെയ്യും.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാം
ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കുന്നത് പോഷകക്കുറവിനും ഊർജ്ജക്കുറവിനും കാരണമാകും. ഇത് ക്ഷീണം, ഏകാഗ്രതക്കുറവ് തുടങ്ങിയവ ഉണ്ടാക്കും. ഉച്ചഭക്ഷണം അധികം കഴിക്കാനും കാരണമാകും. അന്നജവും പ്രോട്ടീനും ഉൾപ്പെടുത്തിയുള്ള പ്രഭാതഭക്ഷണം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്.
ലോ ഫാറ്റ് ഉൽപന്നങ്ങൾ കഴിക്കാം
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയുമെന്ന ധാരണയുള്ളവരുണ്ട്. കൊഴുപ്പ് ഇല്ലല്ലോ എന്നു കരുതി ഇത്തരം ഭക്ഷണങ്ങൾ കൂടിയ അളവിൽ കഴിക്കുകയും ചെയ്യും. നമ്മൾ കഴിക്കുന്നതെന്തും അധികമായാൽ അത് കൊഴുപ്പായി ശരീരത്തിൽ സംഭരിക്കുമെന്ന കാര്യം കൂടി അറിയുക.
മരുന്നു കഴിച്ച് വണ്ണം കുറച്ചാലോ
മരുന്നു കഴിക്കുന്നത് പെട്ടെന്ന് ഫലപ്രദമായി തോന്നുമെങ്കിലും മരുന്ന് നിർത്തുന്നത് ശരീരഭാരം പഴയപടിയാവാൻ കാരണമാകും. നമ്മുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും കാർബോഹൈഡ്രേറ്റാണ്, അതിനാൽ 50 ശതമാനം കൊഴുപ്പെങ്കിലും കഴിക്കുന്നവരിലേ ഈ മരുന്നുകൾ ഫലപ്രദമാകുകയുള്ളു.
ഏതെങ്കിലും വ്യായാമം മതി
എന്തെങ്കിലുമൊക്കെ വ്യായാമം ചെയ്താൽ വണ്ണം കുറയുമെന്ന ധാരണ ഉണ്ടെങ്കിൽ തെറ്റി, എയ്റോബിക് വ്യായാമങ്ങൾ ചെയ്താൽ മാത്രമേ ശരീരത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുകയുള്ളു. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ്, നൃത്തം എന്നിവയൊക്കെ എയ്റോബിക് വ്യായാമങ്ങളാണ്.