അഞ്ജു സി വിനോദ്
പോഷകസമൃദ്ധമാണെങ്കിലും ചില ഭക്ഷണങ്ങള്‍ ഒന്നിച്ചു കഴിക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. ഇത് ബ്ലോട്ടിങ്ങ്, അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദഹനത്തിനെടുക്കുന്ന സമയം വിശ്വസ്തമായതിനാലും ഓരോ ഭക്ഷണത്തെയും വിഘടിപ്പിക്കാനാവശ്യമായ പിഎച്ചിന്റെ അളവിൽ വ്യത്യാസം വരുന്നതു കൊണ്ടും പോഷകങ്ങളുടെ ആഗിരണത്തെ രാസപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതു കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില വിരുദ്ധാഹാരങ്ങള്‍,
പാലും പഴവും
പാലും പഴവും വളരെ സാധാരണയായി കഴിക്കുന്ന ഒരു കോമ്പോ ആണ്. എന്നാല്‍ ഇത് വിരുദ്ധാഹാരമാണെന്ന് പലര്‍ക്കും അറിയില്ല. ഇത് ദഹനം സാവധാനത്തിലാക്കുകയും ആയുർവേദം അനുസരിച്ച് ശരീരത്തിൽ വിഷാംശം രൂപപ്പെടുകയും ചെയ്യും. ഇത് ബ്ലോട്ടിങ്ങ് ഉണ്ടാക്കും.
തക്കാളിയും കുക്കുമ്പറും
കുക്കുമ്പറില്‍ അസ്കോർബിനേസ് എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. തക്കാളിയും കുക്കുമ്പറും ഒരുമിച്ചു കഴിച്ചാൽ കുക്കുമ്പർ, തക്കാളിയിലടങ്ങിയ വൈറ്റമിൻ സി യുടെ അളവിനെ കുറയ്ക്കുകയും ഭക്ഷണത്തിന്റെ ആന്റിഓക്സിഡന്റ് ഗുണഫലങ്ങൾ കുറയുകയും ചെയ്യും.
തൈരും ഇറച്ചിയും
തൈരിലും ഇറച്ചിയിലും പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയുടെ ദഹനം വ്യത്യസ്തമാണ്. തൈരും ഇറച്ചിയും ഒരുമിച്ചു കഴിക്കുന്നത് വയറിനു കനം ഉണ്ടാക്കുകയും ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ അസന്തുലനത്തിനും വിഷാംശങ്ങൾ ഉണ്ടാകാനും കാരണമാകും.
പഴങ്ങളും മുട്ടയും
പഴങ്ങൾ വളരെ വേഗം ദഹിക്കും. എന്നാൽ പ്രോട്ടീൻ ദഹിക്കാന്‍ കൂടുതൽ സമയമെടുക്കും. പഴങ്ങളോടൊപ്പം ഇറച്ചി, ചീസ്, മുട്ട ഇവ കഴിക്കുന്നത് ഗ്യാസ്ട്രബിളിനും വയറു കമ്പിക്കലിനും ദഹനക്കേടിനും കാരണമാകും.
ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം
ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം, പ്രത്യേകിച്ച് തണുത്ത വെള്ളം കുടിക്കുന്നത് ഉദരത്തിലെ ആസിഡുകളെയും എൻസൈമുകളെയും നേർപ്പിക്കും. ഇത് ദഹനം സാവധാനത്തിലാക്കുകയും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യപ്പെടാതെ വരുകയും ആവശ്യത്തിന് പോഷകങ്ങൾ ശരീരത്തിലെത്താതെ തന്നെ വയർ നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും.
കാപ്പിക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം
കാപ്പിയിൽ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീര, പയർ വര്‍ഗങ്ങൾ തുടങ്ങി ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങളിലെ ഇരുമ്പിന്റെ ആഗിരണം തടയും. പതിവായി ചായയോടും കാപ്പിയോടുമൊപ്പം ഇത്തരത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, അയൺ ഡഫിഷ്യൻസിയിലേക്ക് നയിക്കും.