കുറച്ചു സ്പൈസി ആയിക്കോട്ടേ!, എരിവുള്ള ഭക്ഷണത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

അഞ്ജു സി വിനോദ്‌

എരിവുള്ള ഭക്ഷണം പൊതുവെ അധികം ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. ആരോ​ഗ്യത്തിന് എരിവ് അത്ര നല്ലതല്ലെന്നാണ് പൊതുവായ ഒരു ധാരണ, എന്നാൽ അത് അങ്ങനെയല്ല.

ഭക്ഷണത്തിന് എരിവു കൂട്ടാൻ ഉപയോ​ഗിക്കുന്ന പച്ചമുളക്, കാന്താരി, കുരുമുളക് തുടങ്ങിയവയിൽ കാപ്‌സൈസിന്‍ എന്ന സംയുക്തം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പലതരം വേദനകള്‍ ശമിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ശരീരഭാരം

എരിവുള്ള ഭക്ഷണം പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും അധിക കലോറി എരിച്ചു കളയാനും സഹായിക്കും. ചുവന്ന മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ ശരീരോഷ്മാവ് വര്‍ധിപ്പിക്കുകയും, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഉപാപചയം വേ​ഗത്തിൽ നടക്കുന്നത് ശരീരഭാരം കുറയ്ക്കും.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ മുളക് കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ, രക്തക്കുഴലുകളുടെ ഭിത്തിയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ എ, സി എന്നിവ കുരുമുളകില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആയുര്‍ദൈര്‍ഘ്യം

ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സും, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ പഠനത്തിൽ സാധാരണ ആളുകളെക്കാള്‍ എരിവ് കൂടുതല്‍ കഴിക്കുന്നവര്‍ക്ക് നേരത്തേയുള്ള മരണസാധ്യത 14% കുറവാണെന്ന് കണ്ടെത്തി.

ജലദോഷവും പനിയും

പനിയും ജലദോഷവും വരുമ്പോള്‍ ഉടന്‍ ചുക്കുകാപ്പി കുടിക്കുന്ന ശീലം നമ്മള്‍ക്കുണ്ട്. ഇത് ശരീരം നന്നായി വിയര്‍ക്കാനും പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത്തരം എരിവുള്ള ഭക്ഷണം അടഞ്ഞ മൂക്കുകള്‍ തുറക്കുകയും, സൈനസ് രോഗ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുമെന്നാണ് ​ഗവേഷണങ്ങൾ പറയുന്നത്.

ദഹനം മെച്ചപ്പെടുത്തുന്നു

എരിവുള്ള ഭക്ഷണങ്ങള്‍ ദഹന പ്രക്രിയ സുഗമമാക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നു. കുരുമുളക് പോലുള്ള എരിവുള്ള വസ്തുക്കള്‍ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവണം വര്‍ധിപ്പിക്കുന്നു. ഇത് രക്തയോട്ടം കൂടാനും, ദഹനം എളുപ്പത്തില്‍ നടക്കാനും കാരണമാകുന്നു. പൈലോറി പോലുള്ള ബാക്ടീരിയകളെ കൊല്ലുന്നതിനും വയറിലെ അള്‍സറിനെ അകറ്റാനും മുളകില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ സഹായിക്കുന്നു.

samakalika malayalam