സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയില്‍ ആദ്യകാലത്ത് ട്രെയിനുകള്‍ക്ക് മെറൂണ്‍ നിറമായിരുന്നു. പിന്നീട് നീലയും ചുവപ്പും വെള്ളയും ഓറഞ്ചും നിറമുള്ള ട്രെയിനുകള്‍ വരെയായി.
വെറുതെ ഓരോ നിറങ്ങള്‍ നൽകിയിരിക്കുന്നതല്ല അത്.
ട്രെയിന്‍ ഏതു വിഭാഗത്തിലുള്ളതാണ്, വേഗത, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയൊക്കെ യാത്രക്കാർക്ക് തിരിച്ചറിയാനാണ് ഈ നിറങ്ങൾ നൽകിയിരിക്കുന്നത്.
ട്രെയിൻ കോച്ചുകളുടെ ഓരോ നിറത്തിനും പിന്നിലെ സവിശേഷതകള്‍ അറിയാം.
ചുവപ്പ്
ട്രെയിനില്‍ ചുവപ്പു നിറത്തിലുള്ള കോച്ചുകള്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകളാണ്. രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് പ്രധാനമായും ഇത്തരം കോച്ചുകള്‍ ഉപയോഗിക്കുന്നത്.
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഇത്തരം കോച്ചുകള്‍ക്ക് വേഗത കൂടുതലായിരിക്കും. അപകടമുണ്ടായാല്‍ പോലും കോച്ചുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്ന് കയറില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും.
നീല
ഏറ്റവും കൂടുതല്‍ കാണപ്പെടുന്നവയാണ് നീല ട്രെയിന്‍ കോച്ചുകൾ. ഇത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്നവയാണ്. ഇന്ത്യന്‍ റെയില്‍വേയിലെ എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളിലാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 70 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളാണിവ.
വെള്ളയും സില്‍വറും / വെള്ളയും ഓറഞ്ചും
രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് വെള്ളയും നീലയും അല്ലെങ്കില്‍ വെള്ളയും ഓറഞ്ചും കലര്‍ന്ന നിറമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണ് ഇവ.
പച്ച
സാധാരണ ഗരീബ് രഥ് ട്രെയിനുകളിലാണ് പച്ച നിറം നല്‍കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദമാണ് എന്ന സൂചന നല്‍കാനും ട്രെയിനുകളില്‍ പച്ച നിറം നല്‍കാറുണ്ട്.
മഞ്ഞ/നീല
ജനശതാബ്ദി പോലെ പ്രത്യേക സര്‍വീസുകള്‍ നടത്തുന്ന ട്രെയിനുകളിലാണ് മഞ്ഞ/നീലനിറം നല്‍കിയിട്ടുള്ളത്. മഞ്ഞയില്‍ വെള്ള വരയുള്ള കോച്ചുകളും ഇത്തരം ട്രെയിനുകളില്‍ ഉപയോഗിക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates