സമകാലിക മലയാളം ഡെസ്ക്
ആഗസ്റ്റ് 15ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമാനത്തോടെ ഉയരുന്ന ത്രിവർണപതാകയ്ക്ക് പിന്നിൽ കർണാടകയിലെ ഒരു ചെറിയ ഗ്രാമത്തിനും പങ്കുണ്ട്. കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ ബെംഗേരി ഗ്രാമത്തിലാണ് രാജ്യത്തെ ഔദ്യോഗിക നിലവാരത്തിലുള്ള ദേശീയപതാകകളുടെ നിർമാണം
കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ (KKGSS) ദേശീയപതാക നിർമ്മാണത്തിന് ബിഐഎസ് അംഗീകാരം നേടിയ സ്ഥാപനങ്ങളിലൊന്നാണ്. ഇന്ത്യയിൽ നാല് ഖാദി സ്ഥാപനങ്ങൾക്കാണ് ദേശീയപതാക നിർമ്മിക്കുന്നതായി ബിഐഎസ് ലൈസൻസ് നൽകിയിട്ടുള്ളത്.
ബെംഗേരിയിലെ കർണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ, മധ്യപ്രദേശിലെ മധ്യഭാരത് ഖാദി സംഘ്, മഹാരാഷ്ട്രയിലെ ഖാദി ഡയേഴ്സ് ആൻഡ് പ്രിന്റേഴ്സ്, കർണാടകയിലെ ധാർവാഡ് താലൂക്ക് ഗരഗ് ക്ഷത്രിയ സേവാ സംഘ എന്നിവിടങ്ങളിലാണ് ഔദ്യോഗിക പതാകകൾ നിർമിക്കുന്നത്
ഹുബ്ബള്ളിയിലെ ബെംഗേരി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന KKGSS വർഷങ്ങളായി ഖാദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ്. രാജ്യത്തിന്റെ ദേശീയപതാക നിർമാണത്തിലും വിതരണത്തിലും ഈ സ്ഥാപനത്തിന് പ്രത്യേക സ്ഥാനമുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം സർക്കാർ ഓഫീസുകൾ, വിവിധ ഔദ്യോഗിക സ്ഥാപനങ്ങൾ തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിലവാരമുള്ള ദേശീയപതാകകളുടെ നിർമാണത്തിൽ ബെംഗേരിയിലെ ഈ കേന്ദ്രം പ്രധാന പങ്ക് വഹിക്കുന്നു.
ഖാദിയുമായി ദേശീയപതാകയ്ക്കുള്ള ബന്ധം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ത്രിവർണം നിർമിക്കുന്ന ഈ കേന്ദ്രത്തിന് ഒരു വ്യവസായ സ്ഥാപനത്തിനപ്പുറം ചരിത്രപരമായ പ്രാധാന്യവുമുണ്ട്.
ദേശീയപതാക സാധാരണയായി തുണിയിൽ മൂന്ന് നിറങ്ങൾ ചേർത്തുണ്ടാക്കുന്ന ഒന്നല്ല. അതിന്റെ വലുപ്പം, നിറങ്ങളുടെ ക്രമം, അളവുകൾ, തുണിയുടെ സവിശേഷതകൾ, അശോകചക്രത്തിന്റെ രൂപകൽപ്പന എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
2021ലെ ഭേദഗതിക്ക് ശേഷം ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരം ദേശീയപതാക കൈകൊണ്ട് നൂൽ നൂറ്റതും നെയ്തതുമായ തുണികൊണ്ടടു മാത്രമല്ല, മെഷീൻ നിർമ്മിത കോട്ടൺ, പോളിസ്റ്റർ, വൂൾ, സിൽക്ക്, ഖാദി ബണ്ടിങ് തുടങ്ങിയവ ഉപയോഗിച്ചും നിർമിക്കാം.
ദേശീയപതാകയുടെ നിർമാണപ്രക്രിയയിൽ ബെംഗേരിയിലെ സ്ത്രീ തൊഴിലാളികൾക്കും പ്രധാന പങ്കുണ്ട്. ഖാദി നെയ്ത്തും പതാക നിർമാണവുമായി ബന്ധപ്പെട്ട ജോലികളും തലമുറകളായി തുടരുന്ന തൊഴിൽ പാരമ്പര്യത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഉയർത്തുന്ന ദേശീയപതാകയെക്കുറിച്ചും ഒരു കൗതുകകരമായ വസ്തുതയുണ്ട്.
കേന്ദ്ര സർക്കാരിന്റെ 2023ലെ വിശദീകരണമനുസരിച്ച്, ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ഉയർത്തുന്ന പതാക സിൽക്ക് ഉപയോഗിച്ച് ഓർഡനൻസ് ക്ലോത്തിംഗ് ഫാക്ടറി, ഷാജഹാൻപൂർ നിർമിക്കുന്നതാണ്.
സ്വാതന്ത്ര്യദിനത്തിൽ വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം ത്രിവർണം ഉയരുമ്പോൾ നമ്മൾ കാണുന്നത് ഒരു പതാക മാത്രമാണ്. എന്നാൽ അതിന് പിന്നിൽ നൂൽ നൂൽക്കുന്നവരും തുണി നെയ്യുന്നവരും നിറം നൽകുന്നവരും അളവുകൾ പരിശോധിക്കുന്നവരും കൃത്യത ഉറപ്പാക്കുന്നവരുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates